കോണ്‍ഗ്രസിലെ നേതൃത്വപ്രതിസന്ധിക്ക് അടിയന്തര പരിഹാരം വേണം -തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നിലകിട്ടാതെ ഒഴുകുകയാണെന്ന ജനങ്ങളുടെ വിചാരം ഇല്ലാതാക്കാന്‍ നേതൃത്വപ്രതിസന്ധി പരിഹരിക്കുന്നതിന് പാര്‍ട്ടി മുന്‍ഗണന നല്‍കണമെന്ന് ശശി തരൂര്‍ പറഞ്ഞു. ദീര്‍ഘകാല അധ്യക്ഷനെക്കുറിച്ചുള്ള അനിശ്ചിതത്വം പരിഹരിക്കുകയെന്നത് പാര്‍ട്ടിയുടെ തിരിച്ചുവരവിനു നിര്‍ണായകമാണെന്ന് കോണ്‍ഗ്രസ് എം.പി.യായ അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ.യോടു പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷനായി തിരിച്ചെത്തണമോയെന്നു തീരുമാനിക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹം നിലപാടുമാറ്റുന്നില്ലെങ്കില്‍, സജീവമായ പൂര്‍ണസമയ നേതൃത്വത്തെ പാര്‍ട്ടി കണ്ടെത്തണം. എന്നാലേ രാജ്യം പ്രതീക്ഷിക്കുന്നപോലെ പാര്‍ട്ടിക്ക് മുന്നോട്ടുപോകാന്‍ കഴിയൂ.

ബി.ജെ.പി. സര്‍ക്കാരിന്റെ വിഭജനനയങ്ങള്‍ക്കുള്ള ദേശീയബദല്‍ കോണ്‍ഗ്രസാണ്. രാഷ്ട്രീയപ്പാര്‍ട്ടിയെന്ന നിലയില്‍ അത് നിലകിട്ടാതൊഴുകുകയാണ് എന്ന തോന്നല്‍ ചില വോട്ടര്‍മാരെ മറ്റു തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഡല്‍ഹിയില്‍ കണ്ടത്.

പൊതുജനത്തിന്റെ ഈ ധാരണയെ അഭിസംബോധന ചെയ്യേണ്ടത് അടിയന്തരാവശ്യമാണ്. കോണ്‍ഗ്രസിനെ എഴുതിത്തള്ളുന്ന മാധ്യമങ്ങളുടെ മനോഭാവും മാറേണ്ടതുണ്ട്. അതിനു ഞങ്ങള്‍ ചെയ്യേണ്ടത് നേതൃത്വപ്രശ്നങ്ങള്‍ പരിഹരിക്കുകയെന്നതാണ്. ഇടക്കാല അധ്യക്ഷയ്ക്കു പകരം ദീര്‍ഘകാല നേതാവിനെ തിരഞ്ഞെടുത്തുകൊണ്ട് ഞങ്ങള്‍ തുടങ്ങണം. അതിനൊപ്പം പ്രവര്‍ത്തകസമിതിയിലേക്കും തിരഞ്ഞെടുപ്പു നടത്തണം -അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയില്‍ എപ്പോഴും പ്രത്യേകസ്ഥാനമുണ്ടാകും. പാര്‍ട്ടിയെ ഒന്നിച്ചുനിര്‍ത്തി മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹത്തിനാകും എന്ന വിശ്വാസം കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ടാണ് ഞങ്ങളിലേറെപ്പേരും അദ്ദേഹം തുടരണമെന്നു പറയുന്നത്. പാര്‍ട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ അദ്ദേഹത്തെക്കാള്‍ മികച്ചയാളില്ലെന്ന് ഞങ്ങള്‍ കരുതുന്നതും അതുകൊണ്ടാണ് -തരൂര്‍ പറഞ്ഞു.

രാഹുല്‍ അധ്യക്ഷജോലി ഏറ്റെടുത്തില്ലെങ്കില്‍ പ്രിയങ്കയെ തിരഞ്ഞെടുക്കുമോ എന്ന ചോദ്യത്തിന് ഏതു കോണ്‍ഗ്രസ് നേതാവിനും കടന്നുവരാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രിയങ്കയ്ക്ക് വ്യക്തിപ്രഭാവവും സംഘടനാ അനുഭവവുമുണ്ട്. പക്ഷേ, അധ്യക്ഷസ്ഥാനത്തേക്കു വരണോയെന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണ് -അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ തിരിച്ചുവരവിന് സമയമായെന്ന് റാവത്ത്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചുവരാന്‍ ഉചിതസമയമായെന്ന് മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്ത്. പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ പ്രവര്‍ത്തക സമിതി വിളിച്ചുചേര്‍ക്കണമെന്ന ശശി തരൂരിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ വീണ്ടും അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നാണ് കോണ്‍ഗ്രസിലെ മുഴുവനാളുകളുടെയും താത്‌പര്യം. രാജ്യം ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുന്ന ഈ സന്ദര്‍ഭമാണ് അതിന് ഏറ്റവും ഉചിതം -ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി കൂടിയായ റാവത്ത് പറഞ്ഞു.

prp

Leave a Reply

*