കൊച്ചി: തൊടുപുഴയില്‍ രണ്ടാനച്ഛന്റെ മര്‍ദനമേറ്റ കുട്ടിയുടെ നില അതീവഗുരുതരം. വെന്റിലേറ്ററിലാണ് കുട്ടി ഇപ്പോള്‍ ജീവന് നിലനിര്‍ത്തുന്നത്. തലയോട്ടി പൊട്ടിയ കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛനെ പൊലീസ് കസ്റ്റഡിയിയിലെടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
കുട്ടി ഭിത്തിയില്‍ മൂത്രമൊഴിച്ചതാണ് മദ്യലഹരിയിലായിരുന്ന രണ്ടാനച്ഛനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയെ കാലില്‍ പിടിച്ച് തറയിലെറിയുകയും, ഇയാള്‍ നടക്കാന്‍ ഉപയോഗിക്കുന്ന വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിക്കുകയും ചെയ്തു എന്നാണ് സൂചന. തല പൊട്ടി ചോര വന്നപ്പോള്‍ താനാണ് തുടച്ചതെന്ന് ഇളയകുട്ടി പൊലീസിനോട് പറഞ്ഞു.
അരുണ്‍ തിരുവനന്തപുരത്ത് ഒരു കൊലപാതകക്കേസിലെ പ്രതിയായിരുന്നു. മദ്യപിച്ചു വാഹനം ഓടിച്ചതിനു നൂറോളം പ്രാവശ്യം പിടിച്ചിട്ടുണ്ടെന്നു പ്രതി തന്നെ പോലീസിനോടു സമ്മതിച്ചു. കുട്ടിയുടെ പിതാവ് ഒരുവര്‍ഷം മുമ്പ് മരിച്ചു പോയതാണ്. പിന്നീട് ഭര്‍ത്താവിന്റെ അമ്മായിയുടെ മകനായ അരുണ്‍ സഹായിക്കാന്‍ എന്ന പേരില്‍ ഇവിടെ കൂടുകയായിരുന്നു. ഇവര്‍ നിയമ പ്രകാരം വിവാഹിതരല്ലെന്നാണ് സൂചന. എന്നും ഇളയകുട്ടിയെ രാത്രിയില്‍ എഴുന്നേല്പിച്ചു മൂത്രമൊഴിപ്പിച്ചശേഷം കിടത്തേണ്ടതു ഏഴാംക്ലാസിലെ ഈകുട്ടിയുടെ കടമയാണ്. ഇന്നലെ രാത്രിയില്‍ കുട്ടി ഉറങ്ങിപ്പോയി. ഇളയകുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചു കരഞ്ഞു. ഇതാണ് അരുണിനെ ക്രൂരനാക്കിയത്. ഇളയകുട്ടിയേയും ഇയാള്‍ മര്‍ദിച്ചു.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് തൊടുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ ഗുരുതരാവസ്ഥയില്‍ എത്തിച്ചത്. അസ്വാഭാവികത തോന്നിയ ഡോക്ടര്‍മാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തലയ്ക്കാണ് ഗുരുതമായി പരിക്കേറ്റത്. സോഫയില്‍നിന്ന് വീണാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് അമ്മ പറഞ്ഞതെങ്കിലും മുറിവുകള്‍ അങ്ങനെ ഉണ്ടായതല്ലെന്ന് ലക്ഷണങ്ങളില്‍നിന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമായി. തുടര്‍ന്ന് കൂടുതല്‍ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോലീസ് എത്തിയതോടെയാണ് കാര്യങ്ങള്‍ക്ക് വ്യക്തത വന്നത്. രണ്ടാമത്തെ കുട്ടിക്ക് പരിക്കുണ്ടായതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കിയത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം ഇളയ കുട്ടിയെ താല്‍ക്കാലിക സംരക്ഷണത്തിനു വല്യമ്മയെ ഏല്പിച്ചു.