സേലം: ഹാദിയയെ സുപ്രീം കോടതി ഉത്തരവ് പ്രകാരം സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. എന്നാല്‍ ഹാദിയ എന്ന പേരുണ്ടായിരിക്കില്ലെന്നും അഖില എന്ന പേരിലായിരിക്കും തുടര്‍പഠനമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. ഇസ്ലാമിലേക്ക് മതംമാറുന്നതിന് മുന്‍പാണ് അഖില കോളേജില്‍ ചേര്‍ന്നത്. അതുകൊണ്ടുതന്നെ അഖില അശോകന്‍ എന്ന പഴയ പേരില്‍ത്തന്നെയാകും ഇന്‍റേന്‍ഷിപ്പ് പൂര്‍ത്തിയാക്കുക.
അതേസമയം ഹാദിയ ഹോമിയോ കോളജില്‍ എത്തി അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ഷെഫിന്‍ ജഹാനെ കാണുമെന്ന് ഹാദിയ പറഞ്ഞു. എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കുന്നത് നിയമവിദഗ്ധരുമായി ആലോചിച്ചശേഷമായിരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പിതാവ് അശോകന് കാണാന്‍ തടസ്സമില്ലെന്നും ഡി സി പി പറഞ്ഞു.
സേലത്ത് 25 അംഗ പോലീസ് സംഘം ഹാദിയയുടെ സുരക്ഷാച്ചുമതല ഏറ്റെടുത്തു. ആവശ്യമെങ്കില്‍ മുഴുവന്‍ സമയ സുരക്ഷയും ഒരുക്കുമെന്ന് സേലം ഡിസിപി സുബ്ബലക്ഷ്മി പറഞ്ഞു. കോളജ് അധികൃതരും ഹാദിയയും പറയുന്നത് പോലെ തീരുമാനിക്കും.

