അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പോളിങ്. സംസ്ഥാന തലസ്ഥാനമായ അഹമ്മദാബാദിലേയും മധ്യഗുജറാത്തിലേയും വടക്കന്‍ ഗുജറാത്തിലേയും 93 നിയമസഭാ മണ്ഡലങ്ങള്‍ പോളിങ്ങ് ബൂത്തിലെത്തിത്തുടങ്ങി. 69 വനിതകളടക്കം 851 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇതോടെ 182 അംഗ സഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാകും. വിധിയറിയാന്‍ ഡിസംബര്‍ 18 വരെ കാത്തിരിക്കണം.
എട്ട് മണിക്ക് തുടങ്ങിയ വോട്ടിംഗില്‍ പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെനും വോട്ട് രേഖപ്പെടുത്താന്‍ എത്തി. രണ്ടു ഘട്ടങ്ങളായി നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ഈ മാസം എട്ടിന് നടന്നിരുന്നു. നരേന്ദ്രമോദിയുടെ പാക്കിസ്ഥാന്‍ ഇടപെടല്‍ ആരോപണവും കോണ്‍ഗ്രസിന്‍റെ മറുപടിയും രണ്ടാം ഘട്ട വോട്ടെടുപ്പിനെ കൂടുതല്‍ ശ്രദ്ദേയമാക്കും. അല്‍പേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനി,ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേല്‍ തുടങ്ങിയവരാണ് രണ്ടാം ഘട്ടത്തിനെ പ്രമുഖരായ സ്ഥാനാര്‍ത്ഥികള്‍.
2002 മുതല്‍ പ്രധാനമന്ത്രിയാകുന്നത് വരെ നരേന്ദ്രമോദിയെ വിജയിപ്പിച്ച മണിനഗര്‍, രാജ്യസഭാ അംഗമാകാന്‍ അമിത്ഷാ രാജിവച്ചൊഴിഞ്ഞ നരന്‍പുര, മുന്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്‍റെ മണ്ഡലം എന്നിവയും രണ്ടാം ഘട്ട വോട്ടെടുപ്പിന്‍റെ . ചൂടറിയും. ഗുജറാത്ത് മുഴുവന്‍ വ്യാപിച്ച പട്ടിദാര്‍സമുദായ പ്രക്ഷോഭം ആരംഭിച്ച നിക്കോല്‍,സബര്‍മതി തുടങ്ങിയ അഞ്ചോളം പ്രദേശങ്ങളും ഇന്ന് പോളിങ് ബൂത്തിലെത്തും.

