ലാല്‍ ജോസ് / നീനാാാാ

സൂപ്പര്‍ താരസാന്നിധ്യവും ആരാധകവൃന്ദങ്ങളുടെ ആഘോഷങ്ങളുമില്ലാത്ത ഒരു മലയാള ചിത്രം. ഇപ്പോള്‍ ഇങ്ങനെയൊരു ചിത്രം മലയാളസിനിമയില്‍ അനിവാര്യമായിരുന്നു. ആവശ്യത്തിലധികം ഒരു തമാശപോലുമില്ലാത്ത ഗൗരവസ്വഭാവമുള്ള സിനിമയാണ് നീന. ന്യൂജനറേഷന്‍ ജാഡകളുമില്ല.
മനുഷ്യബന്ധങ്ങളുടെ കഥപറയുന്ന ഒരു സിനിമയ്ക്ക് തിരക്കഥയൊരുക്കുമ്പോള്‍ കാണിക്കേണ്ട കയ്യടക്കം വേണുഗോപാല്‍ എന്ന തിരക്കഥാകൃത്ത് കണിശമായി പാലിച്ചിട്ടുണ്ട്. ലാല്‍ ജോസ് വിഷയത്തെ സൂഷ്മതലത്തില്‍ സമീപിച്ചാണ് സീനുകള്‍ ഒരുക്കിയിരിക്കുന്നത്. ഓരോ ഷോട്ടും മനോഹരമാക്കിയതില്‍ ജോമോന്‍ ടി ജോണ്‍ എന്ന ക്യാമറാമാന്റെ പങ്ക് വ്യക്തം. സംഗീതവും ഗാനങ്ങളുമെല്ലാം മികച്ചത് തന്നെ.
വിനയ് പണിക്കരുടേയും (വിജയ് ബാബു) നളിനിയുടേയും(ആന്‍ അഗസ്റ്റിന്‍) ജീവിതത്തിലേയ്ക്ക് പരമ്പരാഗത സ്ത്രീസങ്കല്‍പ്പങ്ങളേയെല്ലാം വെല്ലുവിളിച്ച് സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച നീന (ദീപ്തി സതി) കടന്നു വരുന്നതോടെ മൂന്ന് ജീവിതങ്ങളിലും പരിവര്‍ത്തനങ്ങളുണ്ടാകുന്നു. ഇതിന്റെ പരിണാമവും പരിണാമഗുപ്തിയും മാത്രമാണ് നീന എന്ന ചിത്രം. നമുക്ക് പരിചിതരോ അല്ലെങ്കില്‍ നാം തന്നെയോ ആയ കഥാപാത്രങ്ങള്‍. വിനയ് പണിക്കരെ അവതരിപ്പിക്കുന്ന വിജയ്ബാബുവിന് ഈ ചിത്രം ഒരു ബ്രേക്കാവുമെന്നത് തീര്‍ച്ച. നീനയ്ക്കും നളിനിയ്ക്കുമിടയില്‍ കൈവിട്ടുപോകാവുന്ന ഒരു കഥാപാത്രത്തെ വിജയ് ഒതുക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
മലയാള സിനിമയുടെ വിജയഘടകങ്ങളായി മാറിക്കഴിഞ്ഞ ചെമ്പന്‍ വിനോദ്, ലെന എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സിനിമയെ കുറച്ച് ഗൗരവമായി സമീപിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ് നീന എന്ന ചലച്ചിത്രം. അതാണ് നീനയുടെ ശക്തി. ഒരു പക്ഷേ ദൗര്‍ബല്യവും.
ലാസ്റ്റ് കാര്‍ഡ്
നീനയെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന പ്രത്യേക പദ്ധതി പ്രകാരം ഇന്‍ഷൂര്‍ ചെയ്യുന്നത് നന്നായിരിക്കും. കോക്കസ്സുകളും ഫാന്‍സ് അസോസിയേഷനുകളുടെ കൂവല്‍ സ്‌ക്വാഡുകളുമെല്ലാം വിഹരിക്കുന്ന ഘോരവനാന്തരത്തിലാണല്ലോ നീനയ്ക്ക് ജീവിക്കേണ്ടതും അതിജീവിക്കേണ്ടതും-കെ.ജയചന്ദ്രന്‍

prp

Leave a Reply

*