‘പത്തു കല്പനകളു’മായി ഡോണ്‍ മാക്‌സ്

അനുപമമായ അഭിനയ ചാതുര്യം കൊണ്ട് നിരവധി കഥാപാത്രങ്ങള്‍ക്ക് അഭൂതപൂര്‍വ്വമായ മിഴിവു ചാര്‍ത്തി മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ ഇടം നേടിയ മീരാ ജാസ്മിന്‍, നീണ്ട ഒരിടവേളയ്ക്കു ശേഷം അഭിനയക്കുപ്പായത്തിലേറി തിരിച്ചു വരുന്നു. അസാമാന്യയായ ഒരു പൊലീസ് ഓഫീസറുടെ വേഷം കൊണ്ടാണ് മീര തന്റെ ഇടവേളയ്ക്ക് വിരാമമിടുന്നത്. നായക വേഷത്തില്‍ പ്രശസ്ത നടന്‍ അനൂപ് മേനോന്‍ എത്തുന്നു. തമ്പി ആന്റണിയാണ് മറ്റൊരു പൊലീസ് ഓഫീസറായി മീരയ്‌ക്കൊപ്പം അഭിനയിക്കുന്നത്.

ഷട്ടര്‍ ബഗ്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘പത്തു കല്പനകള്‍’ എന്ന ചിത്രമാണ് മീരയുടെ ഈ ശക്തമായ തിരിച്ചുവരവിന് കാരണമാകുന്നത്. വിനീത് ശ്രീനിവാസന്‍ ഹിറ്റ് ചിത്രമായ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളായിരുന്ന ബിജു തോരണത്തേല്‍, ജേക്കബ്ബ് കോയിപ്പുറം എന്നിവരും തങ്ങളുടെ ആത്മ മിത്രങ്ങളായ ജിജി അഞ്ചാനി, മനു പത്മനാഭന്‍ എന്നിവരുമാണ് ഷട്ടര്‍ ബഗ്‌സിന്റെ സാരഥികള്‍.
മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ പല സൂപ്പര്‍ ഹിറ്റ് സിനിമകളുടെയും മികവുറ്റ എഡിറ്ററായി സാന്നിദ്ധ്യമറിയിച്ച ഡോണ്‍ മാക്‌സ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. 11 വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ടൈഗര്‍’ എന്ന ചിത്രത്തിന്റെ സ്‌പോട്ട് എഡിറ്റിംഗ് ആദ്യമായി നടത്തി മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച കലാകാരനാണ് ഡോണ്‍ മാക്‌സ്. എഡിറ്റിംഗിലെ ഡോണ്‍ മാക്‌സിന്റെ കൈയ്യൊപ്പ്, സംവിധായകനെന്ന നിലയിലും പത്തു കല്പനകളില്‍ നമുക്കു തീര്‍ച്ചയായും പ്രതീക്ഷിക്കാം. സൂരജ്, നീരജ്,സംഗീത് ജെയിന്‍ എന്നിവരും സംവിധായകനു തുണയായി പ്രവര്‍ത്തിക്കുന്നു, ഈ ചിത്രത്തില്‍.

pathu
മലയാളികളുടെ മനസ്സിനെ പാട്ടിന്റെ കുയില്‍ നാദം കൊണ്ട് വിളിച്ചുണര്‍ത്തിയ വിശ്രുത ഗായിക എസ്. ജാനകി 15 വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സിനിമയില്‍ പാടുന്നുവെന്നതും ഈ ചിത്രത്തിന്റെ മറ്റൊരു ബഹുമതിയാണ്.
ആണ്‍ പൊലീസ് ഓഫീസര്‍മാരുടെ വേഷത്തില്‍ മമ്മുട്ടിയെയും സുരേഷ് ഗോപിയെയും ഒക്കെ കണ്ടു പരിചയിച്ച പ്രേക്ഷകരിലേക്ക് ഈ പെണ്‍ പൊലീസ് ഓഫീസറുടെ വരവ് ഒരു ഇടിമിന്നലിന്റെ പ്രഭാവത്തോടുകൂടിയായിരിക്കുമെന്നാണ് പത്തുകല്പനകളുടെ നിര്‍മ്മാതാക്കളായ ഷട്ടര്‍ ബഗ്‌സിന്റെ ശില്പികള്‍ പറയുന്നത്.

തേനും പാലും ഒഴുകുന്ന കാനാന്‍ ദേശം ദൈവം ഇസ്രയേല്‍ ജനതക്ക് വാഗ്ദത്തം ചെയ്തുവെന്നും കാനാന്‍ ദേശത്തേക്കെത്താനുള്ള യാത്രക്ക് നായകനായി മോശയെ നിയോഗിച്ചെന്നും ആ യാത്രയില്‍ ഇസ്രയേല്‍ ജനത അനുസരിക്കേണ്ട പത്തു കല്പനകള്‍ ദൈവം ഫലകത്തിലെഴുതി മോശയ്ക്കു നല്‍കിയെന്നുമാണ് ബൈബിളിലെ സാക്ഷ്യം. ജനം പക്ഷേ, മോശയെയോ ദൈവത്തിന്റെ പത്തു കല്പനകളെയോ അനുസരിച്ചില്ല. ഫലമോ, കേവലം നാല്പതു ദിവസത്തെ മാത്രം യാത്രാ ദൂരമുണ്ടായിരുന്ന കാനാന്‍ ദേശത്ത്, നീണ്ട നാല്പതു വര്‍ഷങ്ങള്‍ യാത്ര ചെയ്തിട്ടും അവര്‍ എത്തിയില്ല!
നിയമങ്ങളെയും വ്യവസ്ഥകളെയും ധിക്കരിക്കുന്ന, മനുഷ്യ സംസ്‌കാരത്തിനെത്തന്നെ വെടിഞ്ഞ്, ലിഖിതവും അലിഖിതവുമായ കല്പനകള്‍ ലംഘിച്ചു ജീവിക്കുന്ന, ഇന്നത്തെ തലമുറ സംവത്സരങ്ങള്‍ക്കു മുന്‍പത്തെ മോശയുടെ അനുയായികളേക്കാള്‍ പതിനായിരം മടങ്ങ് അനുസരണക്കേടു കാട്ടുന്നവരാണെന്ന ബോദ്ധ്യം പകര്‍ന്നുതരുന്ന പ്രമേയമാണ് ‘പത്തുകല്പനകളു’ടേത്. നിയമത്തോടുള്ള വെല്ലുവിളികള്‍ ഇന്ന് സമൂഹത്തിന്റെ ഒരു ഫാഷനായി മാറിയിരിക്കുന്നു. ആ അപകടം പിടിച്ച ഫാഷനാണ് ഇന്നു സമൂഹത്തില്‍ നടമാടുന്ന എല്ലാ അനീതികള്‍ക്കും, വിശേഷിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കും മുഖ്യ കാരണമെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്ന സംഭവങ്ങളിലൂടെയാണ് പത്തു കല്പനകളുടെ പ്രമേയം ഒരുക്കിയിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍, നര്‍മ്മവും ക്രൈമും ആക്ക്ഷനും സസ്‌പെന്‍സും ചാലിച്ചു ചേര്‍ത്ത സിനിമയായിരിക്കും പത്തു കല്പനകളെന്ന് സംവിധായകന്‍ ഉറപ്പു തരുന്നു.
ബൈബിളിലെ പത്തു കല്പനകളില്‍ ഏറ്റവും പ്രധാനമായ ‘കൊല്ലരുത്’ എന്ന കല്പനയുടെ ലംഘനത്തെ ചുവടുപിടിച്ചാണ് ചിത്രത്തിന്റെ കഥ വളരുന്നത്. ഒരു കൊലപാതകക്കേസിന്റെ അന്വേഷണത്തിന്റെ ചുക്കാന്‍ പിടിക്കുന്നവരാണ് മീരാ ജാസ്മിനും തമ്പി ആന്റണിയും. ആ അന്വേഷണത്തിന്റെ വഴിയിലൂടെ കഥ വളരുമ്പോള്‍, ഇന്നത്തെ നമ്മുടെ സംസ്‌കാരത്തിനു വന്നു ഭവിച്ചിരിക്കുന്ന മൂല്യച്യുതിയെ ഒരു മുന്നറിയിപ്പെന്നപോലെ ബോധ്യപ്പെടുത്താനും ഈ സിനിമ സഹായിക്കുമെന്ന് പത്തുകല്പനകളുടെ ശില്പികള്‍ അവകാശപ്പെടുന്നു.
റിലീസിംഗിനു മുന്‍പേ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മൊഴിമാറ്റത്തിന് തമിഴിലെ ഒരു പ്രമുഖ കമ്പനി കരാര്‍ ചെയ്തതും ഈ ചിത്രത്തിന്റെ തിളക്കവും വിജയസാധ്യതയും ഇരട്ടിപ്പിക്കുന്നു.
സംഗീത് ജെയിനാണ് തിരക്കഥയെഴുതിയിരിക്കുന്നത്.
കനിഹ, മുരളി ഗോപി, നോബി, ജോജു ജോര്‍ജ്, അനുമോള്‍, ബോളിവുഡ് സിനിമയിലെ ശ്രദ്ധേയനായ പ്രശാന്ത് നാരായണ്‍ തുടങ്ങിയ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഇടുക്കി ജില്ലയിലെ വാഗമണ്‍, കുട്ടിക്കാനം,കൊടുവ തുടങ്ങിയ പ്രദേശങ്ങളിലായി ചിത്രത്തിന്റെ മുക്കാല്‍ പങ്ക് ചിത്രീകരണവും പൂര്‍ത്തിയായി. മലയാളത്തിലെ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെയും പശ്ചാത്തലമായ ഇടുക്കിയെ ഈ ചിത്രത്തിലേക്കും ‘കാസ്റ്റ’് ചെയ്തത് മികച്ച ദൃശ്യാനുഭവത്തിലേക്കും വഴിയൊരുക്കുമെന്ന് പ്രത്യാശിക്കാം.
ചിത്രം ആഗസ്റ്റില്‍ തീയ്യേറ്ററുകളിലെത്തും.
ഇനി പ്രേക്ഷകര്‍ക്കു കാത്തിരിക്കാം പുതിയ പത്തു കല്പനകള്‍ക്കായി.

By:  തങ്കച്ചന്‍ മരിയാപുരം http://www.cinemapathram.com/

prp

Leave a Reply

*