മെസിയല്ല, ഞാനാണ് അര്‍ജന്‍റീനയുടെ കോച്ച്; പരിഹസിച്ചവര്‍ക്ക് മറുപടിയുമായി പരിശീലകന്‍

റഷ്യ: അര്‍ജന്‍റീന ടീമിന്‍റെ പരിശീലകന്‍ മെസിയല്ല താനാണെന്ന് കോച്ച് സാംപോളി. ടീമില്‍ തനിക്ക് നിയന്ത്രണമില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കഴിയുന്നിടത്തോളം കാലം ടീമിനൊപ്പം പൊരുതാനാണ് ആഗ്രഹിക്കുന്നതെന്നും സാംപോളി പറഞ്ഞു.

നൈജീരിയയ്‌ക്കെതിരായ മത്സരശേഷമായിരുന്നു സാംപോളിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യും വിധമുള്ള ആരോപണങ്ങളുയര്‍ന്നത്. ഇടവേള സമയത്ത് കോച്ചിനെ പോലെ ടീമിന് നിര്‍ദ്ദേശം നല്‍കുന്ന മെസി. അഗ്യൂറോയെ ഇറക്കാന്‍ മെസിയോട് സമ്മതം ചോദിക്കുന്ന സാംപോളി. ചുരുക്കത്തില്‍ സാംപോളി വെറും ഡമ്മി കോച്ചാണെന്ന സ്‌പോര്‍ട്‌സ് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനുള്ള മറുപടിയാണ് പ്രീക്വാര്‍ട്ടറിന് മുന്‍പുള്ള വാര്‍ത്താ സമ്മേളനത്തില്‍ സാംപോളി നല്‍കിയത്. മെസിയല്ല അര്‍ജന്‍റീനയുടെ കോച്ച്. അത് താനാണ്. ഇനിയും അര്‍ജന്റീനയുമായി കരാറുണ്ട്. പറ്റുന്നിടത്തോളം കാലം ഈ പോരാട്ടം തുടരും. ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതെന്ന് സാംപോളി പറഞ്ഞു. മെസിയെ വാക്കുകളില്‍ പ്രകീര്‍ത്തിക്കാനും സാംപോളി മറന്നില്ല.

മെസി ജീനിയസാണ്. അദ്ദേഹത്തിന്‍റെ സേവനം നിര്‍ണായകമാണെന്ന് നേരത്തേ തന്നെ പറഞ്ഞതാണ്. എന്നാല്‍ അഗ്യൂറോയെ ഇറക്കുന്നതുമായി ബന്ധപ്പെട്ട് മെസിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് പ്രതികരിക്കാന്‍ സാംപോളി തയാറായില്ല. ടീം അംഗങ്ങളോട് പറയുന്ന കാര്യങ്ങള്‍ എപ്പോഴും പരസ്യമാക്കാനാവില്ലെന്നായിരുന്നു മറുപടി.

prp

Related posts

Leave a Reply

*