വെള്ളം വെറുതേ കുടിച്ചാല്‍ മതിയോ…?

ഒരു ദിവസം ഏറ്റവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം, സ്ഥിരമായി കേട്ടു കളയുന്ന ഒതു സ്ഥിരം പല്ലവി. എന്നാല്‍ ഇതില്‍ എത്രത്തോളം യാഥാര്‍ത്യമുണ്ടെന്നും ശരീരത്തെ ഇതെങ്ങനെയെല്ലാം ഗുണകരമായും ദോഷകരമായും ബാധിക്കുന്നുണ്ടെന്നുമുള്ള സത്യം എത്രപേര്‍ മനസിലാക്കിയിട്ടുണ്ട്.?

ദാഹം തോന്നുമ്പോള്‍ മാത്രമാണോ വെള്ളം കുടിക്കേണ്ടത്? ഇങ്ങനെ ധരിച്ചു വച്ചിരിക്കുന്നവര്‍ അറിയുക, നിങ്ങളുടെ ഈ ധാരണ വലിയൊരു മണ്ടത്തരമാണ്. കാരണം വെള്ളത്തിന് നിങ്ങളുടെ ശരീരത്തില്‍ ഒരുപാട് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. മുടിയിഴകള്‍ െവട്ടിത്തിളങ്ങാനും ചര്‍മകാന്തി വര്‍ധിപ്പിക്കാനും അമിതവണ്ണത്തില്‍ നിന്നു സംരക്ഷിക്കാനും ദഹനവ്യവസ്ഥയെ പരിപോഷിപ്പിക്കാനും തളര്‍ച്ചയെ തടയാനും തലച്ചോറിനെ പ്രവര്‍ത്തനക്ഷമമാക്കാനുമൊക്കെയുള്ള ഒരു സിദ്ധൗഷധം തന്നെയാണ് ഈ വെള്ളം.

വെള്ളം എപ്പോഴക്കെ എത്ര അളവില്‍ എങ്ങനെ കുടിക്കണമെന്നു നോക്കാം.

1. രാവിലെ എഴുന്നേറ്റ ഉടന്‍

രാവിലെ എഴുന്നേറ്റ ഉടന്‍ ഒന്നു മുതല്‍ രണ്ടു ഗ്ലാസ് വെള്ളം കുടിച്ച് ശരീരപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാം. ശരീരത്തിലെ വിഷാംശം എല്ലാം നീക്കം ചെയ്ത് അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് ഈ വെള്ളംകുടി സഹായിക്കും. അവരവരുടെ താല്‍പര്യത്തിനനുസരിച്ച് നാരങ്ങാനീര്, തേന്‍, കറുവാപ്പട്ട തുടങ്ങിയവ ഇതില്‍ ചേര്‍ക്കാവുന്നതാണ്.

2. ഊണിന് അര മണിക്കൂര്‍ മുന്‍പ്

ഊണിന് അര മണിക്കൂര്‍ മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക, ഇതു ഭാരം കുറയ്ക്കാന്‍ മാത്രമല്ല വിശപ്പിനെ ശമിപ്പിക്കാനും സഹായകമാണ്. ഊണു സമയത്ത് അധികം കഴിക്കാതെ, ഉള്ളിലെത്തുന്ന ആഹാരത്തെ സ്വീകരിക്കാന്‍ വയറിനെ സജ്ജമാക്കുകയും ചെയ്യും.

3. ആഹാരം കഴിച്ച ഉടന്‍

ആഹാരം കഴിച്ച ഉടന്‍ പെട്ടെന്നുള്ള വെള്ളംകുടി വേണ്ടേ വേണ്ട. ഇത് നിങ്ങളുട ദഹനപ്രക്രിയയുടെ വീര്യം കുറയ്ക്കും.

4. ഊണിനൊപ്പമുള്ള വെള്ളംകുടി

ഊണിനൊപ്പമുള്ള വെള്ളംകുടിയും ഒഴിവാക്കണം. വെള്ളത്തിനു പകരമായി തൈര്, റെയ്ത്ത, ബട്ടര്‍മില്‍ക്ക് എന്നിവ ഉപയോഗിക്കാം. ഇവ ശരീരത്തിന് കുളിര്‍മയും നല്‍കും.

5. വിശക്കുമ്പോള്‍ വെള്ളം

ദാഹം തോന്നുമ്പോഴും വിശക്കുമ്പോഴും ശരീരം നല്‍കുന്നത് എകദേശം സമാനമായ സിഗ്‌നലുകള്‍ തന്നെ. അതുകൊണ്ടു വിശപ്പു തോന്നുമ്പോള്‍ ആദ്യം കുറച്ച് വെള്ളം കുടിക്കുക. 10 മിനിട്ട് വിശ്രമിക്കുക, എന്നിട്ടും വിശപ്പ് ശമിച്ചില്ലെങ്കില്‍ മാത്രം സ്‌നാക്കുകളെ ആശ്രയിക്കുക.

6. ക്ഷീണാവസ്ഥയില്‍ തലച്ചോറിന് ഉണര്‍വേകാന്‍

തലച്ചോറിന്റെ പ്രവര്‍ത്തനത്തിന്റെ 75 ശതമാനവും വെള്ളത്താലാണ്. ഇവ തടസം കൂടാതെ നടക്കണമെങ്കില്‍ വെള്ളംകുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജോലിക്കിടയിലോ യാത്രാവേളയിലോ മറ്റോ ക്ഷീണം തോന്നുമ്പോള്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചു നോക്കൂ, ഉന്‍മേഷം കൈവരുന്നത് കാണാം.

7. ദിവസത്തിന്‍റെ ആദ്യപകുതിയില്‍ കൂടുതല്‍ വെള്ളം

ദിവസത്തിന്റെ രണ്ടാം പകുതിയില്‍ (ഉച്ചയ്ക്കു ശേഷം) കുടിക്കുന്നതിനെക്കാളും വെള്ളം ആദ്യ പതുതിയില്‍ കുടിക്കുന്നതാണ് നല്ലത്. ഇത് രാത്രിയില്‍ മൂത്രശങ്ക ഒഴിവാക്കി ഉറക്കം സുഗമമാക്കാന്‍ സഹായിക്കും.

8. ഉറക്കം കുറവാണെങ്കില്‍

ഒരു ദിവസത്തെ രാത്രിയില്‍ സംതൃപ്തമായ ഉറക്കം ലഭ്യമായില്ലെങ്കില്‍ പകല്‍ ധാരാളം വെള്ളം കുടിക്കണം. ഉറക്കത്തിലും നിങ്ങളുടെ ശരീരം പ്രവര്‍ത്തനക്ഷമമാണ്. അതു ശരിയായ രീതിയിലും സുഗമമായും നടക്കുന്നതിന് ആവശ്യമായ വെള്ളം ശരീരത്തില്‍ ഉണ്ടാകണം.

9. വ്യായാമത്തിനു മുന്‍പും ശേഷവും

വ്യായാമം ചെയ്യാന്‍ തുടങ്ങുന്നതിനു മുന്‍പും വ്യായാമത്തിനു ശേഷവും ധാരാളം വെള്ളം കുടിക്കേണ്ടതാണ്. മസിലുകളെ ഊര്‍ജസ്വലമാക്കാന്‍ വെള്ളം അവശ്യഘടകമാണ്. ഇത് ക്ഷീണമകറ്റി ഊര്‍ജസ്വലത കൈവരുത്താന്‍ സഹായിക്കും.

10. രോഗാവസ്ഥയില്‍

ഏതെങ്കിലും തരത്തിലുള്ള രോഗം നിങ്ങളുടെ ശരീരത്തെ കീഴ്‌പ്പെടുത്തുമ്പോള്‍ കുറച്ച് അധികം വെള്ളം കുടിക്കണം. ഇതു രോഗം പെട്ടെന്ന് അകറ്റാന്‍ സഹായിക്കും. ഗര്‍ഭിണികളും പാലൂട്ടുന്ന അമ്മമാരും 10 ഗ്ലാസ് വെള്ളം ഒരു ദിവസം കുടിക്കണം.

prp

Related posts

Leave a Reply

*