പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും മറ്റുമായി അടിയന്തിര സഹായം എത്തിക്കുവാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ദുരിതമനുഭവിക്കുന്നവര്‍ക്ക് ഉടന്‍ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നതാണ്. ഈ തീരുമാനം നടപ്പിലാക്കുമെന്ന് സര്‍വ്വകക്ഷി യോഗത്തിലും ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍, ദുരന്തം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രഖ്യാപിച്ച സഹായം ആര്‍ക്കും നല്‍കിയിട്ടില്ലെന്നും വി.എസ് കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരില്‍ നിന്നും കാര്യമായ സഹായങ്ങളൊന്നും തന്നെ ലഭിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.

മലമ്പുഴ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ അദ്ദേഹം മലമ്പുഴ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അടഞ്ഞുകിടക്കുന്ന ഫാക്ടറികളും നശിച്ചുകൊണ്ടിരിക്കുന്ന കാര്‍ഷികമേഖലയുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ നേട്ടമെന്നും വി.എസ്. പറഞ്ഞു.

