തിരുവനന്തപുരം: പുതുച്ചേരിയില്‍ വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ നടന്‍ സുരേഷ് ഗോപി എം.പിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് വിട്ടയച്ചത്. ചോദ്യം ചെയ്യലിന് എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നും അന്വേഷണത്തില്‍ ഇടപെടരുതെന്നും കോടതി സുരേഷ് ഗോപിയോട് പറഞ്ഞു.
കേസില്‍ സുരേഷ് ഗോപിക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ഉടന്‍ തന്നെ ജാമ്യത്തില്‍ വിടണമെന്ന് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. 2010 ല്‍ 80 ലക്ഷം രൂപ വിലവരുന്ന ഓഡി ക്യൂ 7 ഉം രാജ്യസഭാ എംപിയായതിന് ശേഷം മറ്റൊരു ആഡംബരകാറും പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. വ്യാജരേഖകള്‍ ചമച്ചതിന് പുറമേ സംസ്ഥാന സര്‍ക്കാരിന് ടാക്സ് ഇനത്തില്‍ കിട്ടേണ്ടിയിരുന്ന 30 ലക്ഷം രൂപ വെട്ടിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.

