ന്യൂഡല്‍ഹി: യു.പിയിലെ ഹാപുരില്‍ ട്രെയിനിടിച്ച് ആറ് കൗമാരക്കാര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. വിജയ്, ആകാശ്, രാഹുല്‍, സമീര്‍, ആരീഫ്, സലിം എന്നിവരാണ് മരിച്ചത്.
ഹാപുരില്‍ ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് ദുരന്തമുണ്ടായത്. ട്രാക്കിലുടെ നടക്കുകയായിരുന്ന ഇവരെ അതിവേഗത്തിലെത്തിയ ട്രെയിന്‍ ഇടിക്കുകയായിരുന്നു. 14 മുതല്‍ 16 വയസുവരെയുള്ളവരാണ് അപകടത്തില്‍ മരിച്ചത്. മരിച്ച എല്ലാവരും ഒരേ കോളനിയിലെ താമസക്കാരാണ്. ഐ.സി.യുവില്‍ ഗുരതരമായി പരിക്കേറ്റ് ചികില്‍സയിലുള്ള ആളെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തെ തുടര്‍ന്ന് സമീപവാസികള്‍ റെയില്‍വേ ട്രാക്ക് ഉപരോധിച്ചു. അപകടം നടന്ന സ്ഥലത്തിലുടെയാണ് ജനങ്ങള്‍ ട്രാക്ക് മുറിച്ച് കടക്കുന്നത്. എന്നാല്‍, ട്രെയിന്‍ വരുമ്പോള്‍ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനമൊന്നും ഇവിടെ റെയില്‍വേ സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പൊലീസെത്തിയാണ് റെയില്‍വേ ട്രാക്കില്‍ നിന്ന് പ്രക്ഷോഭകരെ മാറ്റിയത്.

