തിരുവനന്തപുരം: പതിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം ആ അമ്മയുടെ മുഖത്ത് ഒരു ആശ്വാസവും സന്തോഷവും വിടര്‍ന്നു. തന്‍റെ മകന് നീതി ലഭിച്ചതില്‍ നന്ദി പറഞ്ഞ് അമ്മ പ്രഭാവതി എത്തിയത് മുഖ്യമന്ത്രിയുടെ അരികില്‍.
നന്ദി പറയാന്‍ കൂപ്പിയ കൈകള്‍ പിടിച്ചു കൊണ്ട് പിണറായി വിജയന്‍ അമ്മയെ ആശ്വസിപ്പിച്ചു. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. കസേരയില്‍ നിന്നെഴുന്നേറ്റ് അടുത്തേക്കെത്തിയ മുഖ്യമന്ത്രി പ്രഭാവതിയെ ആശ്വസിപ്പിക്കുകയായിരുന്നു. അമ്മയുടെ നന്ദിവാക്കുകള്‍ കേട്ടു.
പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ഉദയകുമാറിന്‍റെ അമ്മ പ്രഭാവതിയും സഹോദരന്‍ മോഹനനുമാണ് ഇന്നലെ മുഖ്യമന്ത്രിയെ കാണാനായി സെക്രട്ടേറിയറ്റിലെത്തിയത്. പ്രതികള്‍ അപ്പീല്‍ പോകാന്‍ സാധ്യതയുണ്ടെന്ന് അമ്മ ആശങ്കയറിയിച്ചപ്പോള്‍ ആവശ്യമായ നിയമസഹായം ലഭ്യമാക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഉദയകുമാര്‍ കൊല്ലപ്പെടുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ പ്രഭാവതിയമ്മയ്ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത് ഓര്‍മയുണ്ടെന്നും മുഖ്യമന്ത്രിയോട് പ്രഭാവതിയമ്മയുടെ സഹോദരന്‍ മോഹനന്‍ പറഞ്ഞു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍പഴ്സന്‍ ശോഭനാ ജോര്‍ജും ഒപ്പമുണ്ടായിരുന്നു.

