തൃശൂരില്‍ പെണ്‍കുട്ടിയെ തീ കൊളുത്തിക്കൊന്ന പ്രതിയെ ആറ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

തൃശൂര്‍: തൃശൂര്‍ ചീയാരത്ത് പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന യുവാവിനെ റിമാന്‍ഡ് ചെയ്തു. ഏപ്രില്‍ 11 വരെ ആറ് ദിവസത്തേക്കാണ് പ്രതിയെ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തത്.

വടക്കേക്കാട് സ്വദേശിയായ ജിതേഷ് എന്ന യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിന് പിന്നാലെ പ്രതി പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയ ശേഷം കയ്യില്‍ കരുതിയ പെട്രോളൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു.

ഇന്നലെ രാവിലെയായിരുന്നു നീതു എന്ന 23 വയസുകാരി കൊല്ലപ്പെട്ടത്. ചീയാരം പോസ്റ്റ് ഓഫീസിന് സമീപത്തുളള നീതുവിന്‍റെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിലാണ് പ്രതി എത്തിയത്. തൊട്ടടുത്തുളള വീടിന്‍റെ മുറ്റം വഴി അടുക്കള ഭാഗത്തിലൂടെ അകത്തേക്ക് കയറിയായിരുന്നു അക്രമം നടത്തിയത്.

പെണ്‍കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് അടുക്കളയിലുണ്ടായിരുന്ന വീട്ടുകാര്‍ ഓടിയെത്തി പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ആരോഗ്യനില മോശമായ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശരീരം ഭൂരിഭാഗവും കത്തിയമര്‍ന്ന നിലയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ നെഞ്ചില്‍ രക്തം കണ്ടതായും നാട്ടുകാര്‍ പറഞ്ഞു. ബി ടെക് വിദ്യാര്‍ത്ഥിനിയായിരുന്നു നീതു. കുട്ടിയുടെ അമ്മ വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചതാണ്. അച്ഛനും ഉപേക്ഷിച്ചു പോയിരുന്ന നീതു അമ്മാവന്‍റെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്.

prp

Related posts

Leave a Reply

*