കോഴിക്കോട് ഭിന്നലിംഗക്കാര്‍ക്ക്‌ നേരെ പോലീസിന്‍റെ അതിക്രമം

കോഴിക്കോട്: ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പോലീസ് മര്‍ദ്ദനം. ബുധനാഴ്ച രാത്രി രണ്ട് മണിയോടെയാണ് മിഠായിത്തെരുവിന് സമീപത്തുള്ള താജ് റോഡില്‍ വെച്ച്‌ ഭിന്നലിംഗക്കാരായ അഞ്ച് പേരെ പോലീസ് ക്രൂരമായി മര്‍ദിച്ചത്. സുസ്മിത, മമത ജാസ്മിന്‍ എന്നിവര്‍ക്ക് പോലീസ് മര്‍ദനത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പോലീസ് ആക്രമണമെന്ന് ഇവര്‍ പറയുന്നു

കോഴിക്കോട് മോഡല്‍ സ്കൂളില്‍ മൂന്ന് ദിവസമായി നടക്കുന്ന തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് ആക്രമിക്കപ്പെട്ടത്. കലോത്സവത്തില്‍ അവതരിപ്പിക്കുന്ന സംഘനൃത്തത്തിലെ അംഗങ്ങളായ ഇവര്‍ അതിനുള്ള ഒരുക്കങ്ങള്‍ക്ക് ശേഷം തിരിച്ച്‌ പോകവെയാണ് ആക്രമണത്തിന് ഇരയായത്.

റോഡിലൂടെ നടന്ന് പോകവെ അതുവഴി കടന്ന് പോയ പോലീസ് ജീപ്പ് നിര്‍ത്തുകയും അകാരണമായി മര്‍ദിക്കുകയുമായിരുന്നു. രാത്രി എന്താണ് പുറത്ത് പരിപാടി എന്ന് ചോദിച്ച പോലീസുകാര്‍ മറുപടിക്ക് കാത്ത് നില്‍ക്കാതെ മര്‍ദിക്കുകയുമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഇനി തല്ലിയാല്‍ ചത്ത് പോകുമെന്ന്  ഒരാള്‍ പറഞ്ഞപ്പോള്‍, നിങ്ങളൊക്കെ ചാവേണ്ടവരാണ് എന്ന് പറഞ്ഞ് പോലീസ് മര്‍ദനം തുടരുകയായിരുന്നു.

ജാസ്മിന് ലാത്തി കൊണ്ടുള്ള അടിയേറ്റ് പുറത്താണ് പരിക്കേറ്റിരിക്കുന്നത്. സുസ്മിതയുടെ കാലിന് പരിക്കേറ്റത് കൂടാതെ കയ്യിന്‍റെ എല്ല് പൊട്ടിയിട്ടുമുണ്ട്.  പരിക്കേറ്റവര്‍ ഇപ്പോള്‍ ബീച്ച്‌ ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്തരികമായ പരിക്കുള്ളതിനാല്‍ വിദഗ്ദ ചികിത്സക്കായി ഇവരെ മറ്റ് ആശുപത്രിയിലേക്ക് മാറ്റേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.  പോലീസ്  അതിക്രമത്തിനെതിരെ ജില്ലാ കളക്ടര്‍ക്കും പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം.

prp

Related posts

Leave a Reply

*