തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്തു കണ്ടെത്തിയ അജ്ഞാത മൃതദേഹം കാണാതായ ലിത്വാനിയ സ്വദേശിനിയുടേതാകാമെന്നു പോലീസ്. മാര്‍ച്ച് 14-ന് ആയുര്‍വേദ ചികിത്സയ്ക്കിടെ കോവളത്തുനിന്നു കാണാതായ കാലിഗ സ്‌ക്രോമാന്‍റെ മൃതദേഹമായിരിക്കാം ഇതെന്ന സംശയത്തിലാണ് പോലീസ്. സ്ഥിരീകരണത്തിനായി മൃതദേഹം പോലീസ് ഡിഎന്‍എ പരിശോധന നടത്തും.
ലിഗയുടെ വസ്ത്രങ്ങള്‍ ലിഗയുടെ ഭര്‍ത്താവും സഹോദരിയും തിരിച്ചറിഞ്ഞിട്ടുണ്ട്. തല വേര്‍പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുകൊണ്ടുതന്നെ കൊലപാതകമാണെന്ന സംശയം പോലീസിനുണ്ട്. മാത്രമല്ല കൊലപാതകമാണെന്ന് ഉറപ്പിക്കുന്ന ചില തെളിവുകളും പോലീസിനു ലഭിച്ചുകഴിഞ്ഞു. ഈ വഴിക്കും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച തിരുവല്ലം പുനംതുരുത്തില്‍ ചൂണ്ടയിടാന്‍ എത്തിയവരാണു അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
ഫെബ്രുവരി 21-നാണ് കടുത്ത വിഷാദ രോഗത്തെ തുടര്‍ന്നു പോത്തന്‍കോട് ഐരൂപ്പാറ അരുവിക്കരക്കോണത്തെ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ലിഗ ചികിത്സയ്ക്കായി എത്തിയത്. തുടര്‍ന്നു 14-ന് ഇവരെ കാണാതാകുകയായിരുന്നു. നേരത്തെ, തമിഴ്‌നാട്ടിലെ കുളച്ചല്‍ തീരത്തുനിന്നും വിദേശ വനിതയുടേതെന്നു കരുതുന്ന ഒരു മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും മരിച്ചത് ലിഗ അല്ലെന്നു സ്ഥിരീകരിക്കുകയായിരുന്നു.
