തിരുവനന്തപുരം: ശ്രീജീവിന്‍റെ കസ്റ്റഡിമരണത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണ നടപടികൾ ഇന്ന് തുടങ്ങും. അസ്വഭാവിക മരണത്തിന് പാറശ്ശാല പൊലീസ് 2014-ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് സിബിഐ ഏറ്റെടുത്തത്. പ്രതിപ്പട്ടികയില്‍ ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല.
അന്വേഷണച്ചുമതല തിരുവനന്തപുരം യൂണിറ്റ് കൈമാറിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ചെന്നൈയിലെ സിബിഐ ജോയിന്‍റ് ഡയറക്ടറുടെ ഓഫീസില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയിരുന്നു. സാധാരണ ദില്ലിയില്‍ നിന്നും ചെന്നൈയിലേക്ക് നിര്‍ദേശമെത്തി ഉത്തരവ് ഇറക്കാന്‍ കുറഞ്ഞത് മൂന്നാഴ്ചത്തെ കാലതാമസം ഉണ്ടാകാറുണ്ട്. എന്നാല്‍ ശ്രീജിവിന്‍റെ കേസില്‍ അടിയന്തരപ്രാധാന്യം നല്‍കി ദിവസങ്ങള്‍ക്കകം ഉത്തരവ് എത്തിക്കുകയായിരുന്നു.
ശ്രീജീവിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ ഫയലുകള്‍ കൈമാറാന്‍ സിബിഐ പൊലീസിന് കത്ത് നല്‍കിയിരുന്നു. കേസ് അന്വേഷിച്ചിരുന്ന അസി.കമ്മീഷണര്‍ക്കാണ് കത്ത് നല്‍കിയത്. ഫയലുകള്‍ ഇന്ന് കൈമാറുമെന്നാണ് സൂചന. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് ഏറ്റെടുത്തത്. അതേസമയം അന്വേഷണ നടപടി തുടങ്ങിയാൽ മാത്രമേ സമരം അവസാനിപ്പിക്കു എന്ന് ശ്രീജിത്ത് പ്രതികരിച്ചു.
സഹോദരന്‍റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് കഴിഞ്ഞ 777 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിലാണ്. അടുത്തിടെ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെയാണ് ഇത് വീണ്ടും ചര്‍ച്ചയാകുന്നത്.
അതിനിടെ 775 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ശ്രീജിത്തിന്‍റെ സമരത്തില്‍ നിന്നും ഫെയ്സ്ബുക്ക് കൂട്ടായ്മ പിന്‍മാറി. ശ്രീജിത്ത് ആവശ്യപ്പെട്ട കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടതിനാലാണ് സമരത്തില്‍ നിന്നും പിന്‍മാറുന്നതെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇനിയും സമരവുമായി മുന്നോട്ട് പോകുന്നത് ശരിയായ നടപടിയല്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, സിബിഐ അന്വേഷണം ആരംഭിക്കും വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടില്‍ ശ്രീജിത്ത് ഉറച്ചു നില്‍ക്കുകയാണ്.

