ഒതളങ്ങ ചേര്‍ത്ത പാല്‍ അമ്മയ്ക്കു നല്‍കി മകനും കഴിച്ചു; അമ്മ മരിച്ചു, മകന്‍റെ നില ഗുരുതരം

ഹരിപ്പാട്: വിഷക്കായ കലര്‍ത്തി നല്‍കിയ പാല്‍ കുടിച്ച് വയോധിക മരിച്ചു. വെട്ടുവേനി ഉദയമംഗലം മേത്തറയില്‍ പാറുക്കുട്ടിയമ്മ(96) ആണ് മരിച്ചത്. ഇവരുടെ ഏകമകന്‍ വേലായുധനാണ് വിഷം ചേര്‍ത്ത പാല്‍ പാറുകുട്ടിയ്ക്ക് കൊടുത്തത്. അതിനു ശേഷം ഇതേ വിഷം വേലായുധനും കഴിച്ചിരുന്നു. വേലായുധനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്.

ഇന്നലെ രാവിലെ 11ന് ആണ് സംഭവം. വേലായുധനും ഭാര്യ രമയും രണ്ട് പെണ്‍മക്കളും കിടപ്പ് രോഗിയായ പാറുക്കുട്ടിയമ്മയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. രമ തൊഴിലുറപ്പ് ജോലിക്കു പോയിരിക്കുമ്പോഴാണ് സംഭവം നടന്നത്. വേലായുധന്‍ രാവിലെ ഒതളങ്ങ അന്വേഷിച്ചു നടന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അതിനാല്‍ തന്നെ ഒതളങ്ങ പാലില്‍ ചേര്‍ത്തു നല്‍കിയതാണെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

പാറുക്കുട്ടിയമ്മയ്ക്ക് എന്തോ കുടിക്കാന്‍ കൊടുക്കുന്നതു കണ്ട് സംശയം തോന്നിയ വേലായുധന്‍റെ ഇളയമകള്‍ നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു പൊലീസ് സ്ഥലത്തെത്തി വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും അവശനിലയില്‍ കണ്ടെത്തിയത്.

ഉടനെ ഇരുവരെയും പൊലീസ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പാറുക്കുട്ടിയമ്മ മരിക്കുകയായിരുന്നു. ഭാഗവത പാരായണക്കാരനായ വേലായുധന്‍ പലപ്പോഴും മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

prp

Related posts

Leave a Reply

*