പിറവം: മദ്യലഹരിയില്‍ മകന്‍ പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തി. പിറവം പിറവം ദേവി തീയേറ്ററിന് സമീപം താമസിക്കുന്ന കിഴക്കേല്‍ വക്കച്ചന്‍ (85) ആണ് ഇന്ന് രാവിലെ മരിച്ചത്. ഫോണില്‍ തന്നെക്കുറിച്ച് ബന്ധുവിനോട് പരാതി പറഞ്ഞതാണ് മകന്‍റെ ക്രൂരകൃത്യത്തിന് കാരണം.
രാവിലെ മദ്യപിച്ചെത്തിയ മകന്‍ ജയിംസ് വര്‍ക്കി പിതാവ് ഫോണില്‍ ബന്ധുവിനോട് തന്നെക്കുറിച്ച് സംസാരിച്ച് നില്‍ക്കുന്നത് കണ്ട് കലിപൂണ്ട് പിതാവിനെ ആദ്യം ചവിട്ടുകയും പിന്നീട് തലയ്ക്കടിക്കുകയുമായിരുന്നു. വക്കച്ചന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൊലപാതകത്തിനു ശേഷം സ്വന്തം കാറില്‍ കയറി രക്ഷപ്പെട്ട മകന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
മൂവാറ്റുപുഴ സി.ഐ ജയകുമാറിന്‍റെ യും പിറവം എസ്.ഐ കെ.വിജയന്‍റെയും നേതൃത്വത്തില്‍ പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. ജയിംസ് സ്ഥിരമായി വീട്ടില്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നും ഇയാള്‍ക്ക് മാനസികമായ പിരിമുറുക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
