കൊട്ടാരക്കര: കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുന്‍മന്ത്രിമാരടക്കമുള്ള യുഡിഎഫ് നേതാക്കളുടെയും പേരുകള്‍ അടങ്ങിയ നാലു പേജുകള്‍ കൂട്ടിച്ചേര്‍ത്തത് കെബി ഗണേഷ്കുമാര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരമെന്നു മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍.
കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ മൊഴിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സരിതയുടെ കത്തിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുധീര്‍ ജേക്കബ് നല്‍കിയ ഹര്‍ജിയിലാണ് ഫെനിയുടെ മൊഴി.
ഇത് സംബന്ധിച്ച ഗൂഢാലോചന നടന്നത് 2015 മേയ് 13നാണ്. ഗണേശിന്‍റെ പിഎ പ്രദീപ് കുമാര്‍ ബന്ധു ശരണ്യ മനോജ് എന്നിവര്‍ക്കും ഇതില്‍ പങ്കുണ്ട്. സോളാര്‍ കമ്മീഷനില്‍ ഹാജരാക്കിയ കത്തിന് 25 പേജുണ്ട്. സരിതയുടെ കത്ത് പത്തനംതിട്ട ജില്ലയില്‍ താന്‍ കൈപ്പറ്റുമ്പോള്‍ 21 പേജേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് കത്ത് ശരണ്യയെ ഏല്‍പ്പിച്ചു. ഗണേശിന്‍റെ നിര്‍ദേശ പ്രകാരം കത്തിന്‍റെ കരടു രൂപം ശരണ്യയും പ്രദീപും ചേര്‍ന്ന് തയ്യാറാക്കി സരിതയ്ക്ക് നല്‍കി. സരിത അന്നു തന്നെ നാലു പേജ് കൂടി എഴുതി ചേര്‍ക്കുകയായിരുന്നു. ഗണേശിനെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കിയതാണ് പ്രകോപനത്തിന് കാരണമെന്നും ഫെനി വ്യക്തമാക്കി.
കേസ് ജനുവരി 19നു വീണ്ടും പരിഗണിക്കും.

