കൊല്ലം: ജസ്‌നയ്ക്ക് പിന്നാലെ ഷബ്‌നയുടേയും തിരോധാനം ദുരൂഹതയേറുന്നു. കൊല്ലം അഞ്ചാലുംമൂട്ടില്‍ നിന്നും ഒരാഴ്ച മുമ്പാണ് തൃക്കടവൂര്‍ സ്വദേശിനിയായ ഷബ്‌നയെ കാണാതായത്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
അതേസമയം കഴിഞ്ഞ ഒരാഴ്ചയായി മകളെക്കുറിച്ച് ഒരു വിവരവുമറിയാത്തതിന്റെ ദു:ഖത്തിലാണ് ഷബ്‌നയുടെ മാതാപിതാക്കള്‍ അടക്കമുള്ള ബന്ധുക്കള്‍. കഴിഞ്ഞ ചൊവ്വാഴ്ച പി.എസ്.സി പരിശീലനത്തിനെന്നു പറഞ്ഞു വീട്ടില്‍നിന്നു പോയതാണ് ഷബ്‌ന. പിന്നീട് ആരും കണ്ടിട്ടില്ല. അന്നേദിവസം വൈകിട്ട് കൊല്ലം ബീച്ചില്‍ നിന്ന് ഷബ്‌നയുടെ ബാഗ് പോലീസിന് ലഭിച്ചു. കോസ്റ്റ് ഗാര്‍ഡിന്‍റെ സഹായത്തോടെ കടലില്‍ തെരച്ചില്‍ നടത്തി.
സമീപത്തെ ഹോട്ടലിന്‍റെ സിസിടിവിയില്‍ നിന്ന് ഷബ്‌ന ഒറ്റയ്ക്ക് ബീച്ചിലേക്ക് പോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചു. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. കാണാതാവുന്നതിന്‍റെ മൂന്നുദിവസം മുന്‍പ് ഇവര്‍ തമ്മിലുള്ള പ്രണയം വീട്ടുകാര്‍ അറിയുകയും ബന്ധം വിലക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഷബ്‌നയെ കാണാതായത്. കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

