ശബരിമല യുവതീ പ്രവേശനം; ആക്രമണത്തിന് സാധ്യത, കനത്ത ജാഗ്രത

തിരുവനന്തപുരം:  ശബരിമല യുവതി പ്രവേശത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമം പല ജില്ലകളിലും ആവര്‍ത്തിച്ചേക്കാമെന്ന് പൊലീസിന്‍റെ വിലയിരുത്തല്‍. സംസ്ഥാന വ്യാപകമായി കനത്ത ജാഗ്രത തുടരാന്‍ ഡി.ജി.പി നിര്‍ദേശിച്ചു. അക്രമങ്ങളില്‍ അയ്യായിരത്തിലേറെ പേര്‍ക്കെതിരെ കേസെടുത്തതോടെ അറസ്റ്റിനുള്ള  പ്രത്യേകസംഘങ്ങളും രൂപീകരിച്ചു. അറസ്റ്റിലാകുന്നവരില്‍ നിന്ന് പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം ഈടാക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.

ശബരിമലയിലെ യുവതി പ്രവേശത്തിന് പിന്നാലെ, ചൊവ്വാഴ്ച രാവിലെ തുടങ്ങിയ അക്രമമാണ് ഹര്‍ത്താല്‍ ദിനത്തില്‍ വലിയ സംഘര്‍ഷമായി മാറിയത്. ബി.ജെ.പി, സംഘപരിവാര്‍ സംഘടനകള്‍ കരുതിക്കൂട്ടി അക്രമം സൃഷ്ടിക്കുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. ഇതിനെ എതിര്‍ക്കാനെന്ന പേരില്‍ സി.പി.എം ഇറങ്ങിയ കലാപത്തിന് സമാന അവസ്ഥയായെന്നും വിലയിരുത്തുന്നു. അതിനാല്‍ തീവ്രത കുറഞ്ഞാലും രണ്ട് ദിവസമെങ്കിലും സംഘര്‍ഷ സാധ്യതയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട്.

ഇതോടൊപ്പം രണ്ട് ദിവസമായുള്ള  സംഘര്‍ഷങ്ങളില്‍ പ്രതികളായ മുഴുവന്‍ അക്രമികളേയും അറസ്റ്റ് ചെയ്യാനാണ് തീരുമാനം. 559 കേസുകളിലായി കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേര്‍ പ്രതികളെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ 775 പേര്‍ ഇന്നലെ വൈകിട്ട് വരെ പിടിയിലായി. ഇവരെ പിടികൂടാനായി ബ്രോക്കണ്‍ വിന്‍ഡോ എന്ന ഓപ്പറേഷനാണ്  തയാറാക്കിയിരിക്കുന്നത്.

ഇത് പ്രകാരം  ഓരോ പൊലീസ് സ്റ്റേഷനിലും നാല് പൊലീസുകാരടങ്ങുന്ന പ്രത്യേകസംഘത്തെ പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും മാത്രമായി തയാറാക്കി. ജില്ലാതലത്തില്‍ എസ്.പിയുടെ നേതൃത്വത്തിലും പ്രത്യേകസംഘമുണ്ട്. അക്രമങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളുടെ ആദ്യ ആല്‍ബം ഇന്ന് തയാറാക്കും. എട്ട് പൊലീസ് ജീപ്പടക്കം നൂറിലേറെ സര്‍ക്കാര്‍ വാഹനങ്ങളും ഇരുപതിലേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളും തകര്‍ത്തിട്ടുണ്ട്. ഇതിന്റെയടക്കമുള്ള നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് ഈടാക്കും. സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാനും നിര്‍ദേശമുണ്ട്.

അതേസമയം, ശബരിമല യുവതീപ്രവേശനത്തെതുടര്‍ന്ന് സംഘര്‍ഷാവസ്ഥ തുടരുന്ന പാലക്കാട് നഗരത്തില്‍  കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു . വൈകീട്ട് ആറുവരെയാണ് നിരോധനനാജ്ഞ. ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയുമായി  നടത്തിയ ചര്‍ച്ചയ്ക്ക്  ശേഷമാണ് തീരുമാനം. തൃശൂര്‍ ഐ.ജി. എം.ആര്‍ അജിത്കുമാര്‍ പാലക്കാട്ടെത്തി  സ്ഥിതിഗതികള്‍ വിലയിരുത്തി.  പാലക്കാട് നഗരത്തില്‍ ബുധനാഴ്ച വൈകീട്ട് തുടങ്ങിയ അക്രമസംഭവങ്ങള്‍ വ്യാഴാഴ്ച രാത്രിയോളം തുടര്‍ന്നിരുന്നു.

അതിനിടെ രാത്രി വൈകിയും പാര്‍ട്ടി ഓഫിസുകളില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചിട്ടുണ്ടെന്ന് വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്തെ സ്കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു

prp

Related posts

Leave a Reply

*