ശബരിമല ബിജെപി സമരം ഫലം കാണുന്നില്ലെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തുന്ന സമരം ഫലം കാണുന്നില്ലെന്ന് വിലയിരുത്തല്‍. പാര്‍ട്ടിയിലെ മുന്‍നിര നേതാക്കന്മാരില്‍ നിന്ന് പോലും മതിയായ പിന്തുണ കിട്ടാത്തതും ക്ഷീണമായി.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, ആചാരലംഘനം തടയുക തുടങ്ങിയ ആവശ്യങ്ങളുമായി ബിജെപി സമരം തുടങ്ങിയത് കഴിഞ്ഞമാസം 3ന്. ജനറല്‍ സെക്രട്ടറിമാരായ എ എന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, ദേശീയ കൗണ്‍സില്‍ അംഗം സി. കെ പദ്മനാഭന്‍ എന്നിവര്‍ക്ക് പിന്നാലെ മുന്‍ നിര നേതാക്കന്മാരെ കിട്ടാത്ത സ്ഥിതിയായി.

തുടര്‍ന്നാണ് എന്‍.ശിവ രാജനും, പി എം വേലായുധനും നിരാഹാരം കിടന്നത്. മഹിള മോര്‍ച്ച സംസ്ഥാന അധ്യക്ഷ വി ടി രമയാണ് ഇപ്പോള്‍ സമരപന്തലിലുള്ളത്. ജയില്‍വാസം കഴിഞ്ഞ് കെ സുരേന്ദ്രന്‍ നിരാഹാരസമരം ഏറ്റെടുക്കുമെന്ന പ്രചരണമുണ്ടായിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടെങ്കിലും പി കെ കൃഷ്ണദാസ്, എം ടി രമേശ് തുടങ്ങിയ നേതാക്കളും നിരാഹാരത്തിന് താല്‍പര്യമില്ലെന്നറിയിച്ചു.

ശബരിമല കര്‍മ്മസമിതിക്കൊപ്പം സന്നിധാനത്തെ പ്രതിഷേധത്തിന് ബിജെപി വേണ്ടെന്ന ആര്‍എസ്‌എസ് നിലപാടിനെ തുടര്‍ന്നാണ് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയത്. സര്‍ക്കാര്‍ ഒരു ഘട്ടത്തില്‍പോലും നിലപാടില്‍ അയവ് വരുത്താതോടെ സമരത്തിന്‍റെ മുനയൊടിഞ്ഞു. ശബരിമല യുവതി പ്രവേശനത്തിലെ പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന 22 വരെ സമരം തുടര്‍ന്നാല്‍ മതിയെന്നാണ് ഇപ്പോഴത്തെ ധാരണ.

prp

Related posts

Leave a Reply

*