ദുബായ്: ബലാത്സംഗം ചെറുക്കാന്‍ മോഡല്‍ ആയ യുവതി ആറാം നിലയില്‍ നിന്നും എടുത്തു ചാടി. ദുബായില്‍ നടന്ന സംഭവത്തില്‍ റഷ്യന്‍ മോഡലായ എകാതറീന സ്റ്റെറ്റ്സ്യുക് ആണ് കെട്ടിട സമുച്ചയത്തിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് ചാടിയത്. മരണത്തില്‍ നിന്നും രക്ഷപ്പെട്ടെങ്കിലൂം മോഡലിന്റെ നട്ടെല്ലിന് പരിക്കേറ്റു.
മാര്‍ച്ച് 3 നായിരുന്നു സംഭവം. അമേരിക്കക്കാരനായ ഒരു ബിസിനസ്സുകാരനാണ് യുവതിയെ കടന്നു പിടിക്കാന്‍ ശ്രമം നടത്തിയത്. കത്തി ഉപയോഗിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് ഇയാള്‍ എത്തിയത്. ഇതോടെ ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെടാനായി ഇവര്‍ ജനലിലൂടെ പുറത്തേക്ക് എടുത്ത് ചാടുകയായിരുന്നു.
അഭിമാനവും ജീവിതവും സംരക്ഷിക്കാന്‍ ആറാം നിലയില്‍ നിന്നും ചാടിയ അവള് ജീവനോടെയിരിക്കുന്നത് തന്നെ അത്ഭുതമാണെന്നായിരുന്നു കൂട്ടുകാരില്‍ ഒരാളുടെ പ്രതികരണം. വീഴ്ചയില്‍ അനങ്ങാന്‍ കഴിയാത്ത വിധത്തിലായെങ്കിലും നട്ടെല്ലിന് സാരമായി പരിക്കേല്‍ക്കാത്തതിനാല്‍ കാര്യങ്ങള്‍ ശരിയാകുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.
അക്രമിയെ രാജ്യത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ദുബായ് എയര്‍പ്പോര്‍ട്ടില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റവാളിയുടെ പേരുവിവരങ്ങളൊന്നും ദുബായ് പോലീസ് പുറത്തു വിട്ടിട്ടില്ല. കുറ്റം തെളിയിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
അതേസമയം യുവതി വേശ്യാവൃത്തിക്ക് വേണ്ടി ചെന്നതായിരുന്നെന്ന ആരോപണം മോഡലിന്റെ മാതാവ് തള്ളിയിട്ടുണ്ട്. മകള്‍ അറിയപ്പെടുന്ന മോഡലാണെന്നും ഒരു കരാറുമായി ബന്ധപ്പെട്ട് ഒരു മാസമായി ദുബായിലാണ്. അവര്‍ അവളെ കുറ്റക്കാരിയാക്കാന്‍ നോക്കുകയാണെന്ന് ഇവര്‍ പ്രതികരിച്ചു.

