കേരള പുനർനിർമാണ വികസന പരിപാടിക്ക് അംഗീകാരം

തിരുവനന്തപുരം: കേരള പുനർനിർമാണ വികസന പരിപാടിയുടെ (റീബിൽഡ് കേരള ഡവലപ്‌മെന്‍റ് പ്രോഗ്രാം) കരട് രേഖ മന്ത്രിസഭ അംഗീകരിച്ചു. പ്രളയത്തിൽ തകർന്ന കേരളത്തെ മികച്ച നിലയിൽ പുനർനിർമിക്കുന്നതിനുള്ള സമഗ്രമായ പ്രവർത്തന പദ്ധതിയാണ് അംഗീകരിച്ചത്.

പ്രളയം ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള നിർമാണമാണ് ലക്ഷ്യം. ഇതിനുവേണ്ടി സുതാര്യമായതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ പ്രക്രിയയാണ് ഉദ്ദേശിക്കുന്നത്. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ നിലവിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളെയും പരിപാടികളെയും യോജിപ്പിച്ചുകൊണ്ടാണ് പുനർനിർമാണം നടപ്പാക്കുക.

ദുരന്തങ്ങളുണ്ടാകുമ്പോൾ ആൾ നാശം തീരെ ഇല്ലാതാക്കുക എന്ന ലക്ഷ്യം കരട് രേഖയിലുണ്ട്. അതോടൊപ്പം സാമ്പത്തിക നഷ്ടം പരമാവധി കുറയ്ക്കും. നിലവിലുള്ള പശ്ചാത്തല സംവിധാനങ്ങൾ ദുരന്തങ്ങളെ അതിജീവിക്കാൻ ശേഷി കുറഞ്ഞതാണന്ന് രേഖ ചൂണ്ടിക്കാണിക്കുന്നു.

പരിസ്ഥിതി സംരക്ഷണത്തിന് ബഹുമുഖമായ പദ്ധതികൾ നടപ്പാക്കും. ജലവിഭവമാനേജ്‌മെന്റിന്‍റെ ഭാഗമായി റിവർ ബേസിൻ മാനേജ്‌മെൻറ് അതോറിറ്റി രൂപീകരിക്കും. ജലസംഭരണികളിലെ വെള്ളത്തിൻറെ നിയന്ത്രണത്തിന് കേന്ദ്രീകൃത കമാന്‍ഡ് സെന്‍റർ സ്ഥാപിക്കും. ഡാം സേഫ്റ്റി അതോറിറ്റിയെ ശക്തിപ്പെടുത്തും. ജലവിഭവവകുപ്പ് പുനഃസംഘടിപ്പിക്കാനുള്ള നിർദേശവും കരട് രേഖയിലുണ്ട്.

ജലവിതരണം മെച്ചപ്പെടുത്തൽ, ശുചീകരണ സംവിധാനങ്ങളുടെ മെച്ചപ്പെടുത്തൽ, ദുരന്തങ്ങളെ അതിജീവിക്കുന്ന റോഡുകളും പാലങ്ങളും നിർമ്മിക്കൽ, കൃഷിരീതികൾ മെച്ചപ്പെടുത്തൽ, പാവപ്പെട്ടവരുടെ ജീവനോപാധി മെച്ചപ്പെടുത്തൽ, മത്സ്യമേഖലയുടെ അഭിവൃദ്ധി ലക്ഷ്യമാക്കിയുള്ള പദ്ധതികൾ എന്നിവയെല്ലാം പുനർനിർമാണ പദ്ധതിയുടെ ഭാഗമായി നിർദേശിച്ചിട്ടുണ്ട്.

പുനർനിർമാണത്തിനുള്ള പണം ലഭ്യമാക്കുന്നതിന് വരുമാനം വർധിപ്പിക്കാനുള്ള നിർദേശവും രേഖ മുന്നോട്ടുവെയ്ക്കുന്നു. യു.എൻ. ഏജൻസികൾ നൽകിയ പോസ്റ്റ് ഡിസാസ്റ്റർ നീഡ്‌സ് അസസ്‌മെന്‍റ് (പി.ഡി.എൻ.എ) പ്രകാരം 36,706 കോടി രൂപയാണ് പുനർനിർമാണത്തിന് ആവശ്യമായിട്ടുള്ളത്.

prp

Leave a Reply

*