കൊച്ചി: പ്രളയ ദുരന്തം വിലയിരുത്താന്‍ ഞായറാഴ്ച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കൊച്ചിയിലെത്തും. ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
മഴ ദുരിതം വിതച്ച കേരളത്തിനായി അഞ്ചു കോടി രൂപ നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പത്ത് കോടി നല്‍കാമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും അറിയിച്ചിട്ടുണ്ട്. കേരളം ആവശ്യപ്പെടുന്ന മുറയ്ക്കു കൂടുതല്‍ സഹായം നല്കാന് തയ്യാറാണെന്നും ഇവര്‍ അറിയിച്ചു.
അതേസമയം, മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന 48 മണിക്കൂര്‍ കൂടി കാലവര്‍ഷം സജീവമായി തുരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മഴയില്‍ ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് മരണം 27 ആയി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം രംഗത്തുണ്ട്. ഇടുക്കി ഡാമില്‍ നിന്ന് കൂടുതല്‍ വെളളം തുറന്നുവിട്ടതോടെ തീരമേഖലകളില്‍ യുദ്ധസമാന മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. മഴയ്ക്കൊപ്പം ദുരിതം വിതച്ചു സംസ്ഥാനത്ത് പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി.
അതേസമയം, ഇടുക്കിയില്‍ തുറന്നുവിട്ട വെള്ളം ഇതുവരെ ഭൂതത്താന്‍കെട്ട് അണക്കെട്ടില്‍ എത്തിയിട്ടില്ല. ഇന്നലെ വൈകിട്ടത്തെ ജലനിരപ്പിനേക്കാള്‍ അല്‍പ്പം കുറവാണു വെള്ളം. ഭൂതത്താന്‍കെട്ട് അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ചുനിര്ത്തുമ്പോഴുള്ള നിരപ്പില്‍ മാത്രമേ ഇപ്പോഴും വെള്ളമുള്ളു. കുട്ടമ്പുഴ വനമേഖലയില്‍ മഴയുണ്ട്. ഇടമലയാറില്‍നിന്നു തുറന്നുവിടുന്ന വെള്ളത്തിന്റെ അളവു കുറച്ചു. ഭൂതത്താന്കെട്ടില്നിന്നാണു വെള്ളം മലയാറ്റൂര്‍, കാലടി വഴി ആലുവയിലെത്തുന്നത്.
