ഇനി രാഹുല്‍ യുഗം?; കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി മുമ്പാകെ പത്രിക സമര്‍പ്പിച്ചു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനൊപ്പമാണ് രാഹുല്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയത്. മുഖ്യ ഭരണാധികാരി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് പത്രിക സ്വീകരിച്ചത്. വിവിധ പി.സി.സികളില്‍ നിന്നെത്തിയ 93 പത്രികകളാണ് അദ്ദേഹം സമര്‍പ്പിച്ചത്.

ഇന്ന് രാവിലെ ഡല്‍ഹി അക്ബര്‍ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്തെത്തിയ രാഹുല്‍ തനിക്ക് വേണ്ടി സമര്‍പ്പിക്കുന്ന പത്രികകളില്‍ ഒപ്പിട്ടു. വൈകിട്ട് 3.30ന് പത്രികാ സമര്‍പ്പണം കഴിയും. നാളെയാണ് സൂക്ഷ്മ പരിശോധന. എതിരില്ലാതെ രാഹുല്‍ തിരഞ്ഞെടുക്കപ്പെടുമോയെന്ന് ഇന്ന് വ്യക്തമാകുമെങ്കിലും, പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതിയായ 11ന് മാത്രമേ ഔദ്യോഗിക പ്രഖ്യാപനം നടത്തൂ.

തിരഞ്ഞെടുപ്പ് ആവശ്യമായി വന്നാല്‍ 16ന് വോട്ടെടുപ്പും 19ന് വോട്ടെണ്ണലുമാണ് നിശ്ചയിച്ചിരിക്കുന്നത്. എ.ഐ.സി.സി അദ്ധ്യക്ഷനെ തിരുമാനിച്ച ശേഷം 25 അംഗ പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിലാണ് പുതിയ അദ്ധ്യക്ഷനായി രാഹുല്‍ ചുമതലയേല്‍ക്കുക. 2000ല്‍ സോണിയാ ഗാന്ധിക്കെതിരെ ജിതേന്ദ്ര പ്രസാദ് മത്സരിച്ച ശേഷം അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.

വിവിധ പി.സി.സി അദ്ധ്യക്ഷന്‍മാരും പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും പത്രികാ സമര്‍പ്പണ ചടങ്ങിനെത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം. ഹസനും ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

 

prp

Related posts

Leave a Reply

*