പുല്‍വാമ ഭീകരാക്രമണത്തില്‍ 44 ജവാന്മാര്‍ക്ക് വീരമൃത്യു; 1980ന് ശേഷം കശ്മീരില്‍ ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഭികാരാക്രമണത്തില്‍ 44 സിആര്‍പിഎഫ്. ജവാന്മാര്‍ക്ക് വീരമൃത്യു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ മലയാളിയും കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാറാണ് മരിച്ചത്.

സിആര്‍പിഎഫിന്‍റെ എണ്‍പത്തിരണ്ടാം ബെറ്റാലിയനില്‍പ്പെട്ട വസന്ത് കുമാര്‍ അടക്കമുള്ളവരെ ലക്ഷ്യമിട്ടായിരുന്നു ചാവേര്‍ ആക്രമണം. പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വമേറ്റു. മരണസംഖ്യ ഉയരാനിടയുണ്ട്.

ജമ്മു -ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപ്പൊരയില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് വൈകീട്ട് 3.25 നാണ്, ജമ്മുകശ്മീരിന്‍റെ ചരിത്രത്തില്‍ ഇന്ത്യന്‍ സേനയ്ക്ക് നേരെയുണ്ടാകുന്ന ഏറ്റവും കനത്ത ഭീകരാക്രമണം നടന്നത്. ശ്രീനഗറിലെത്താന്‍ 30 കിലോമീറ്റര്‍ മാത്രം ശേഷിക്കെയാണിത്. സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ 350 കിലോഗ്രാം സ്‌ഫോടക വസ്തു നിറച്ച വാഹനം ഓടിച്ചുകയറ്റിയാണ് തീവ്രവാദി സ്‌ഫോടനം നടത്തിയത്.

വാഹന വ്യൂഹത്തിന്‍റെ മധ്യഭാഗത്തായി 42 പേര്‍ സഞ്ചരിച്ച ബസിലേയ്ക്കാണ് ഇയാള്‍ സ്‌കോര്‍പ്പിയോ വാഹനം ഇടിച്ചു കയറ്റിയത്. ജയ്‌ഷെ മുഹമ്മദ് അംഗം ആദില്‍ അഹമ്മദാണ് ചാവേറാക്രമണം നടത്തിയത്. പുല്‍വാമ സ്വദേശിയായ ഇയാള്‍ 2018 ലാണ് ജയ്‌ഷെ മുഹമ്മദില്‍ ചേര്‍ന്നത്. ഉഗ്രസ്‌ഫോടനത്തില്‍ ബസ് വെറും ലോഹക്കഷണമായി മാറി. ശരീരഭാഗങ്ങള്‍ ആക്രമണസ്ഥലത്തിനു ചുറ്റും ചിതറിത്തെറിച്ചു. സ്‌ഫോടനശബ്ദം 12 കിലോമീറ്റര്‍ അകലെവരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേയ്ക്ക് പോയ വാഹനവ്യൂഹത്തില്‍ 78 ബസുകളുണ്ടായിരുന്നു. 2500 ലധികം ജവാന്മാരാണ് വാഹനങ്ങളിലുണ്ടായിരുന്നത്. അന്വേഷണത്തിനായി 12 അംഗ എന്‍ഐഎ സംഘം ജമ്മു കശ്മീരിലെത്തും. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും സ്ഥിതിഗതികള്‍ വിലയിരുത്തി. ഭീകരതയ്‌ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില കൊള്ളുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു.

ജവാന്മാരിലധികവും അവധികഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയവരായിരുന്നു. ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്നും തിരിച്ചടിക്കുമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. രാജ്യസുരക്ഷയ്ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി വെള്ളിയാഴ്ച രാവിലെ അടിയന്തര യോഗം ചേരും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. നിന്ദ്യമായ ആക്രമണമാണ് നടന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

prp

Related posts

Leave a Reply

*