കറാച്ചി: പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ ഗാനമേളക്കിടെ ഗര്‍ഭിണിയായ ഗായിക വെടിയേറ്റ് മരിച്ചു. ഒരു വിവാഹ ചടങ്ങിനിടെയാണ് സംഭവം. 24കാരിയായ സാമിന സമൂണ്‍ ആണ് കൊല്ലപ്പെട്ടത്. പാട്ടുപാടികൊണ്ടിരിക്കുകയായിരുന്ന ഗായികയ്ക്ക് നേരെ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഇരുന്നുകൊണ്ട് പാട്ടുപാടുകയായിരുന്നു സാമിന. ഇതിനിടെ താരിഖ് അഹമ്മദ് ജാതോയി എന്നയാള്‍ സാമിനയോട് നിന്ന് പാടാന്‍ ആവശ്യപ്പെട്ടു. ആദ്യം ഇയാളുടെ ആവശ്യം നിരസിച്ച ഗായിക പിന്നീട് എഴുന്നേറ്റ് നിന്ന് പാടാന്‍ തുടങ്ങി. ഇതിനിടെ ആളുകളില്‍ ചിലര്‍ ഇവര്‍ക്ക് മുന്നിലേക്ക് പൈസ എറിഞ്ഞുകൊടുക്കുന്നുണ്ട്. സാമിന എഴുന്നേറ്റ് നിന്ന് പാടന്‍ തുടങ്ങിയതും താരിഖ് വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സമീന വെടിയേറ്റ് മരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. തന്‍റെ ഭാര്യയേയും കുഞ്ഞിനേയും കൊന്ന കുറ്റക്കാര്‍ക്കെതിരെ ഇരട്ടകൊലപാതകത്തിന് കേസെടുക്കണമെന്ന് സമീനയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതി അറസ്റ്റിലായി.

