ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നവയില്‍ 18 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരയുടെയും കുടുംബത്തിന്റെയും ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് എംഎല്‍എയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ബലാത്സംഗക്കേസിലും പെണ്‍കുട്ടിയുടെ അച്ഛന് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഉന്നാവയിലെ മാഖി പൊലീസ് സ്റ്റേഷനില്‍ എംഎല്‍എയ്ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, എംഎല്‍എയെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല.
ബുധനാഴ്ച അര്‍ദ്ധരാത്രിയില്‍ 20 വാഹനങ്ങളിലായി നൂറോളം വരുന്ന അനുയായികളുമായാണ് എംഎല്‍എ കുല്‍ദീപ് സിങ് സെനഗര്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വസതിയിലെത്തിയത്. കീഴടങ്ങുമെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിനാലാണ് അവിടേക്ക് വന്നതെന്നും താനൊരു പിടികിട്ടാപ്പുള്ളിയല്ലെന്നും കുല്‍ദീപ് മാധ്യങ്ങളോട് പറഞ്ഞു.
എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയിട്ടും എംഎല്‍എയെ അറസ്റ്റ് ചെയ്തില്ല. സംഭവം വിവാദമായതോടെ ബലാത്സംഗക്കേസില്‍ എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിടുകയായിരുന്നു. അതേസമയം, സംഭവത്തില്‍ തന്റെ ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യുമെന്ന് എംഎല്‍എയുടെ ഭാര്യ സംഗീത സെന്‍ഗര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഭര്‍ത്താവിനെയും ഇരയായ പെണ്‍കുട്ടിയെയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും സംഗീത ആവശ്യപ്പെട്ടു.

