ലക്നൗ: വിദ്യാര്‍ത്ഥികളുടെ ബാഗിനുള്ളില്‍ സാധാരണയായി കാണുന്നത് പഠിയ്ക്കാനുള്ള പുസ്തകങ്ങളും അനുബന്ധ പഠനോപകരണങ്ങളുമാണ്. എന്നാല്‍ ലക്നൗവ്വിലെ സ്കൂളുകളില്‍ ആണ്‍കുട്ടികളുടെ ബാഗില്‍ നിന്നും കിട്ടിയത് പോണ് മാഗസിന്, സിഗററ്റ്, ലൈറ്റര്‍, ബ്ളേഡ്, ഷേവിംഗ് സെറ്റ്, ട്രിമ്മര്‍, ലാപ്ടോപ്പ്, മൊബൈല്‍ഫോണ്‍.
പെണ്‍കുട്ടികളുടെ ബാഗില്‍ നിന്നും കിട്ടിയത് ബ്ളേഡും കത്രികയും പെര്‍ഫ്യൂമും ലിപ്സ്റ്റിക്കും നെയില്‍പോളിഷും. ചിലരുടെ ബാഗില്‍ നിന്നും ലാപ്ടോപ്പുകളും ഐ പോഡുകളും മൊബൈ ഫോണുകളും കണ്ടെത്തി.
ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കുത്തേറ്റ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ കണ്ടെത്തിയ ബ്രൈറ്റ് സ്കൂള്‍ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ലക്നൗവിലെ പ്രമുഖ സ്കൂളുകള്‍ വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിച്ചത്. ആക്രമണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ബാഗിലുണ്ടോ എന്നറിയാനായിരുന്നു പരിശോധന. സിഗററ്റ് പായ്ക്കറ്റുകളും ലൈറ്ററുകളും ഉണ്ടായിരുന്നത് അനേകം വിദ്യാര്‍ത്ഥികളുടെ ബാഗുകളിലായിരുന്നു.
തെരച്ചിലില്‍ ഒമ്പതാംക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നുമാണ് പോണ്‍മാസിക കിട്ടിയത്. ബ്രൗണ്‍പേപ്പര്‍ കൊണ്ട് പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന മാസികയ്ക്ക് പുറത്ത് സയന്‍സ് എന്ന ലേബലും ഒട്ടിച്ചിരുന്നു.
വീട്ടില്‍ ഷേവ് ചെയ്യാന്‍ മാതാപിതാക്കള്‍ ഉപയോഗിക്കാത്തതിനാലാണ് സ്കൂളിലേക്ക് കൊണ്ടു വന്നതെന്നും വീട്ടിലേക്ക് പോകും മുമ്പ് ഉപയോഗിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അതേസമയം 2,500 വിദ്യാര്‍ത്ഥികളുടെയും ബാഗുകള്‍ ദിവസവും പരിശോധിക്കുക എളുപ്പമായ കാര്യമല്ല. അതുകൊണ്ട് തന്നെ മാതാപിതാക്കള്‍ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നതിന് മുമ്പായി ബാഗുകള്‍ പരിശോധിക്കുകയും അനാവശ്യമായ വസ്തുക്കള്‍ എടുത്തുമാറ്റുകയും വേണമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ പറയുന്നു.

