മര്‍ദിച്ചെന്ന് സമ്മതിച്ചാല്‍ കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് ആക്രമണത്തിനിരയായ ഡ്രൈവര്‍

തിരുവനന്തപുരം: തന്നെ ക്രൂരമായി മര്‍ദിച്ചെന്ന് സമ്മതിച്ചാല്‍ കേസ് ഒത്തുതീര്‍പ്പാക്കുന്ന കാര്യം ആലോചിക്കാമെന്ന് എ.ഡി.ജി.പി. സുദേഷ് കുമാറിന്‍റെ മകളുടെ മര്‍ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്കര്‍. തന്നെ കുറ്റക്കാരനാക്കി സമൂഹത്തിന്‍റെ മുന്നില്‍ നിര്‍ത്താനാണ് ശ്രമമെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഗവാസ്കര്‍ പറഞ്ഞു.

സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഐ.പി.എസ്. തലത്തില്‍ ശ്രമം നടക്കുന്നതായി പലരും പറയുന്നുണ്ട്. സമ്മര്‍ദം ചെലുത്തി പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ഐ.പി.എസ്. ഉദ്യോഗസ്ഥരാരും ഇക്കാര്യത്തിനായി ബന്ധപ്പെട്ടിട്ടില്ല. എത്ര വലിയ സമ്മര്‍ദമുണ്ടായാലും നീതികിട്ടും വരെ പിന്നോട്ടില്ലെന്നും അയാള്‍ വ്യക്തമാക്കി.

എ.ഡി.ജി.പിയുടെ മകള്‍ ആക്രമിച്ചത് അദ്ദേഹത്തിന്‍റെ അറിവോടെയാണെന്ന്‌ സംശയമുണ്ട്. സംഭവം നടന്നതിന്‍റെ തലേന്ന് കാറില്‍വെച്ച്‌ മകള്‍ അസഭ്യം പറഞ്ഞ വിവരം എ.ഡി.ജി.പിയെ അറിയിച്ചിരുന്നു. കൂടാതെ ഡ്രൈവര്‍ ചുമതലയില്‍ നിന്ന് മാറ്റിത്തരണമെന്നും അഭ്യര്‍ഥിച്ചു. ഇത് അനിഷ്ടത്തിന്‌ കാരണമായി കാണും. മകളെ കായിക പരിശീലനത്തിന്‌ കൊണ്ടു പോകുമ്പോള്‍ എ.ഡി.ജി.പി.യോ അദ്ദേഹത്തിന്‍റെ ഗണ്‍മാനോ സാധാരണ ഒപ്പമുണ്ടാകാറുണ്ട്. സംഭവ ദിവസം എ.ഡി.ജി.പി. വന്നില്ല. ഗണ്‍മാനെ ഒഴിവാക്കാനും നിര്‍ദേശിച്ചു.

എ.ഡി.ജി.പി.യുടെ വാഹനമൊഴിവാക്കി പൊലീസിന്‍റെ തന്നെ മറ്റൊരു വാഹനത്തില്‍ പോകാന്‍ നിര്‍ദേശിച്ചു. അതില്‍ പൊലീസിന്‍റെ ബോര്‍ഡുണ്ടായിരുന്നില്ല. ഇതെല്ലാം സംശയത്തിന് ഇടനല്‍കുന്നതാണ്. വാഹനമോടിക്കുമ്പോള്‍ വണ്ടി ചെറുതായി പോലും ഉലഞ്ഞാല്‍ എ.ഡി.ജി.പി ചീത്ത വിളിക്കും. മറ്റൊരു വാഹനം എതിരേ വന്നപ്പോള്‍ വണ്ടി ബ്രേക്കിട്ടതിന്‍റെ പേരിലാണ് മുന്‍ ഡ്രൈവറെ മാറ്റിയതെന്നും ഗവാസ്കര്‍ വെളിപ്പെടുത്തി.

എ.ഡി.ജി.പിയുടെ മകള്‍ക്ക് കായിക പരിശീലനം നല്‍കുന്നത് പൊലീസിലെ വനിതാ പരിശീലകയാണ്. ഇത് നിയമവിരുദ്ധമാണ്. കനകക്കുന്നില്‍ എത്തിയ പരിശീലകയോട് സംസാരിച്ചെന്ന് ആരോപിച്ചാണ് തന്‍റെ ചീത്തവിളിക്കുകയും മര്‍ദിക്കുകയും ചെയ്തത്. എ.ഡി.ജി.പിയുടെ മകള്‍ മറ്റൊരു പൊലീസ് ഡ്രൈവറെ മുമ്ബും മര്‍ദിച്ചിട്ടുണ്ടെന്നും സാക്ഷി പറയാന്‍ അദ്ദേഹം തയാറാണെന്നും വാര്‍ത്താ സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ ഗവാസ്കര്‍ വ്യക്തമാക്കി.

prp

Related posts

Leave a Reply

*