കൊച്ചി: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ ത അറസ്റ്റ് തടയണമെന്ന എ.ഡി.ജി.പി സുദേഷ് കുമാറിന്‍റെ മകള്‍ സ്‌നിഗ്ദ്ധയുടെ ആവശ്യം തള്ളി ഹൈക്കോടതി . അറസ്റ്റ് തടയാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി, രാജ്യത്തെ ഏത് പൗരനേയും പോലെയാണ് എ.ഡി.ജി.പിയുടെ മകളെന്നും വ്യക്തമാക്കി. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന സ്‌നിഗ്ദ്ധയുടെ ആവശ്യവും കോടതി തള്ളി.
അക്രമത്തില്‍ പോലീസ് ഡ്രൈവര്‍ക്ക് ഗുരുതരമായ മര്‍ദനമേറ്റിട്ടുണ്ടെന്നും ഇത് നിസാരമായി കാണാവുന്ന സംഭവമല്ലെന്നും പറഞ്ഞ കോടതി എ.ഡി.ജി.പിയുടെ മകള്‍ എന്തിനാണ് അറസ്റ്റിനെ ഭയപ്പെടുന്നതെന്നും ചോദിച്ചു. കോടതിയുടെ സംരക്ഷണം വേണ്ടയാളല്ല എ.ഡി.ജി.പിയുടെ മകളെന്നും പറയുകയുണ്ടായി.
അതേസമയം അറസ്റ്റ് തടയണമെന്ന സിനിഗ്ദ്ധയുടെ ആവശ്യത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. വാഹനത്തില്‍ നിന്ന് ഇറങ്ങി വന്നാണ് സ്‌നിഗ്ദ്ധ പോലീസുകാരനെ മര്‍ദിച്ചതെന്നും സര്‍ക്കാര്‍ അഭിഭാഭാഷകന്‍ പറഞ്ഞു. പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ തനിക്കെതിരായി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും സ്‌നിഗ്ദ്ധ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജി അടുത്ത വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
ഔദ്യോഗിക വാഹനം ഓടിക്കുന്നതില്‍നിന്ന് പിന്മാറണമെന്ന് ഗവാസ്‌കറോടു ജൂണ്‍ 13ന് സുദേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ ഗവാസ്‌കര്‍ തന്നെ വാഹനവുമായി എത്തുകയായിരുന്നു. ഈ വിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തര്‍ക്കത്തിന് ഇടയാക്കിയതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. മാത്രമല്ല, ഗവാസ്‌കര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
സംഭവ ദിവസം മ്യൂസിയം ഭാഗത്തു തങ്ങളെ ഇറക്കിയശേഷം സുദേഷ് കുമാറിന്‍റെ ഓഫീസിലേക്ക് പൊയ്‌ക്കൊള്ളാന്‍ ഗവാസ്‌കറിനോടു പറഞ്ഞിരുന്നു. എന്നാല്‍ വ്യായാമം കഴിഞ്ഞു മടങ്ങിവന്നപ്പോഴും ഗവാസ്‌കര്‍ അവിടെയുണ്ടായിരുന്നു. എന്തുകൊണ്ടു മടങ്ങിപ്പോയില്ലെന്നു ചോദിച്ചപ്പോള്‍ ഗവാസ്‌കര്‍ ക്ഷോഭിച്ചു സംസാരിച്ചു. ഗവാസ്‌കറിന്റെ ഭാഗത്തുനിന്നാണ് മോശം പെരുമാറ്റം ഉണ്ടായത്. ജാതിപ്പോരു വിളിച്ചു തന്നെ അപമാനിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.
ജൂണ്‍ 14നാണ് എഡിജിപിയുടെ മകള്‍ മര്‍ദിച്ചുവെന്നു ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ പോലീസില്‍ പരാതി നല്‍കിയത്. കനകക്കുന്നില്‍ പ്രഭാത നടത്തത്തിനായി എഡിജിപിയുടെ ഭാര്യയെയും മകളെയും കൊണ്ടുപോയിരുന്നുവെന്നും അവിടെവച്ച് മകള്‍ മര്‍ദിച്ചുവെന്നുമാണ് ഗവാസ്‌കറുടെ പരാതി.
കേസില്‍ സ്‌നിഗ്ദ്ധയെ അറസ്റ്റ് ചെയ്യാന്‍ തക്ക തെളിവുകള്‍ കിട്ടിയിട്ടില്ലെന്ന് നേരത്തെ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മര്‍ദനമുണ്ടായ കനകക്കുന്നില്‍ സി.സി ടിവി ഇല്ല. സാക്ഷികളുമില്ല. ഈ സാഹചര്യത്തില്‍ സാഹചര്യ, ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചിരുന്നു. ഗവാസ്‌കര്‍, കനകക്കുന്നില്‍ വച്ച് തന്‍റെ കാലിലൂടെ പിതാവിന്‍റെ ഔദ്യോഗിക കാര്‍ കയറ്റിയിറക്കിയെന്നും കൈയില്‍ കയറിപ്പിടിച്ചെന്നും അപമാനിച്ചെന്നുമാണ് എ.ഡി.ജി.പിയുടെ മകളുടെ പരാതി.
ഈ പരാതിയില്‍ ജാമ്യമില്ലാ വകുപ്പു ചുമത്തി ഗവാസ്‌കറിനെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ തന്റെ കാലിലൂടെ ആട്ടോറിക്ഷ കയറിയെന്നാണ് സ്‌നിഗ്ദ്ധ പറഞ്ഞതെന്നും എക്‌സ്‌റേ പരിശോധിച്ചപ്പോള്‍ കാലില്‍ പരിക്കുകളില്ലെന്ന് വ്യക്തമായെന്നും ഡോക്ടര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ഇതോടെ, എ.ഡി.ജി.പിയുടെ മകളുടെ പരാതി വ്യാജമാണെന്ന് വ്യക്തമായിരുന്നു.

