കൊച്ചി : വടക്കന്‍ പറവൂരിലെ രണ്ടു ക്ഷേത്രങ്ങളില്‍ നിന്നും പണവും തിരുവാഭരണങ്ങളും മോഷ്ടിച്ച സംഘം എക്സൈസ് പിടിയില്‍. കാറില്‍ കഞ്ചാവ് കടുത്തുന്നെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയില്‍ പ്രതികള്‍ പിടിയിലാവുകയായിരുന്നു.
വടക്കന്‍ പറവൂര്‍ സ്വദേശി അരുണ്‍, കൊല്ലം മടത്തറ സ്വദേശി സന്തോഷ്, കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ ഷാ എന്നിവരാണ് പ്രതികള്‍. കളവ് മുതല്‍ തമിഴ്നാട്ടിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മോഷ്ടാക്കള്‍ പിടിയിലായത്. ശാസ്താംകോട്ട എക്സൈസ് സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
കാര്‍ വാടകക്കെടുത്ത് മോഷണം നടത്തുകയും അതില്‍ കഞ്ചാവ് കടത്തുകയുമാണ് സംഘത്തിന്റെ പ്രധാന രീതി. പ്രതികളില്‍ നിന്നും മോഷണത്തിനുപയോഗിച്ച ആയുധങ്ങള്‍, വിഗ്രഹം, തിരുവാഭരണം, വെള്ളി ആഭരണങ്ങള്‍, ലാപ് ടോപ്പ്, മൊബൈല്‍ഫോണുകള്‍, കവര്‍ച്ച നടത്തിയ 37,000 രൂപ, 300 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തിട്ടുണ്ട്.
സംഘത്തിലെ പ്രധാനിയായ ഷാജിയും കൂട്ടാളിയും തിരുവാഭരണം വില്‍ക്കാനായി കരുനാഗപ്പള്ളിയിലേക്ക് പോയിട്ടുണ്ടെന്ന് പിടിയിലായ മറ്റുപ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഇവരെ അന്വേഷിക്കുകയാണ് പോലീസ്. ചൊവ്വാഴ്ചയാണ് തൃക്കപുരം ക്ഷേത്രത്തില്‍ നിന്ന് 30 പവന്റെ തിരുവാഭരണവും 65,000 രൂപയും ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 15 പവനും പണവും പ്രതികള്‍ മോഷ്ടിച്ചത്.

