‘തെരഞ്ഞെടുപ്പല്ലേ, എതിരാളികള്‍ നല്ലതു പറയില്ലല്ലോ’; ആര്‍എംപി മുല്ലപ്പള്ളിയുടെ കൂട്ടിലടച്ച തത്തയെന്ന് പി ജയരാജന്‍

വടകര: താന്‍ വിജയിച്ചാല്‍ കൂടുതല്‍ ആര്‍എംപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമെന്ന് ഭയക്കുന്നുവെന്ന കെ.കെ രമയുടെ വാക്കുകള്‍ക്ക് മറുപടിയുമായി പി ജയരാജന്‍.

എത്ര മോശമായി ചിത്രീകരിച്ചാലും വടകരയിലെ വോട്ടര്‍മാര്‍ അതൊന്നും വിശ്വസിക്കാന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ചൂടില്‍ രാഷ്ട്രീയ എതിരാളികള്‍ തന്നെപ്പറ്റി നല്ലതുപറയുമെന്ന് കരുതാന്‍ കഴയില്ലെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

”ജയരാജന്‍ വിജയിച്ചാല്‍ ടിപി ചന്ദ്രശേഖരനെപ്പോലെ തങ്ങളുടെ പ്രവര്‍ത്തകര്‍ കൊല്ലപ്പെടും എന്നായിരുന്നു കെ. കെ രമ അഭിമുഖത്തില്‍ പറഞ്ഞത്. ഞങ്ങളുടെ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഞങ്ങള്‍ തയ്യാറാണ്. അതുകൊണ്ടാണ് പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് വിപരീതമായി ജയരാജനെ പുറത്താക്കാനായി കോണ്‍ഗ്രസിനെ പിന്തുണക്കുന്നത് എന്ന് രമ പറഞ്ഞു.

ഒരു രാത്രികൊണ്ട് പൊട്ടിമുളച്ചയാളല്ല ഞാന്‍. കഴിഞ്ഞ നാല്‍പ്പത്തിയഞ്ച് വര്‍ഷമായി രാഷ്ട്രീയത്തിലുണ്ട്. സംഘടനാ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു പതിറ്റാണ്ട് കാലയളവില്‍ കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ നിയസഭയിലിരുന്നിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടി എന്നോട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് ചൂടില്‍ രാഷ്ട്രീയ എതിരാളികള്‍ എന്നെപ്പറ്റി നല്ലതുപറയുമെന്ന് കരുതാന്‍ കഴിയില്ല.എത്ര മോശമായി ചിത്രീകരിച്ചാലും വടകരയിലെ വോട്ടര്‍മാര്‍ അതൊന്നും വിശ്വസിക്കാന്‍ പോകുന്നില്ല. ആര്‍എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍റെ കൂട്ടിലടച്ച തത്തയാണ്. സ്ഥാപിതമായപ്പോള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളില്‍ നിന്ന് ആര്‍എംപി തിരിഞ്ഞു നടക്കുകയാണ്. തങ്ങളുടെ വോട്ട് യുഡിഎഫിന് മറിക്കുന്ന രീതിയാണ് അവര്‍ ഇത്തവണയും പിന്തുടരുന്നത്.

വ്യക്തികള്‍ തമ്മിലല്ല, ആശയങ്ങള്‍ തമ്മിലാണ് പോരാട്ടമെന്നാണ് കരുതുന്നത്. മുരളീധരന്‍ പ്രതിനിധാനം ചെയ്യുന്ന കോണ്‍ഗ്രസിന് പലയിടത്തും ആര്‍എസ്‌എസിന്‍റെയും കോണ്‍ഗ്രസിന്‍റെയും ശബ്ദമാണ്. തന്നെ കൊലപാതക രാഷ്ട്രീയത്തിന്‍റെ വക്താവായി ചിത്രീകരിക്കുന്നതിന് പിന്നില്‍ ആര്‍എസ്‌എസാണ്. ഇപ്പോള്‍ കോണ്‍ഗ്രസും അത് ഏറ്റുപാടുന്നു.

1999ല്‍ എന്‍റെ കുടുംബത്തിന് മുന്നില്‍ ക്രൂരമായി അക്രമിച്ചത് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. എല്ലാ രാഷ്ട്രീയ അക്രമത്തിന് പിന്നിലും ഞാനാണെന്നും എന്നെ ഇല്ലാതാക്കണം എന്നും പറഞ്ഞാണ് അക്രമിച്ചത്. ജനങ്ങളുടെ കോടതിയില്‍ ഇത്തരത്തിലുള്ള ആരോപണങ്ങളെല്ലാം തള്ളിക്കളയപ്പെടും”- അദ്ദേഹം പറഞ്ഞു

prp

Related posts

Leave a Reply

*