പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; റോഷനെയും പെണ്‍കുട്ടിയെയും കണ്ടെത്താനായില്ല

ഓച്ചിറ: രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളെ ആക്രമിച്ച് പതിമൂന്നുകാരിയായ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചങ്ങന്‍കുളങ്ങര സ്വദേശി വിപിന്‍, പായിക്കുഴി സ്വദേശികളായ പ്യാരി, പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കാര്‍ ഓടിച്ചിരുന്ന അനന്തു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പ്യാരിക്കെതിരെ കാപ്പ വകുപ്പ് ചുമത്താന്‍ പൊലീസ് തീരുമാനിച്ചു.

മുഖ്യ പ്രതി മുഹമ്മദ് റോഷനെയും പെണ്‍കുട്ടിയെയും കണ്ടെത്താനായില്ല. ഇവരെ തേടി ബംഗളൂരുവിലെത്തിയ പൊലീസ് ശ്രമം തുടരുകയാണ്. ബംഗളുരൂ പൊലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാല്‍ ഇവര്‍ തങ്ങുന്ന പ്രദേശം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് കരുനാഗപ്പള്ളി എ.സി പി അരുണ്‍രാജ് പറഞ്ഞു. റെയില്‍വേ സ്റ്റേഷനുകളിലെ സി.സി ടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

തട്ടിക്കൊണ്ടുപോയതിന് ഉപയോഗിച്ച കാര്‍ കായംകുളത്തുനിന്നു പൊലീസ് കണ്ടെടുത്തിരുന്നു. റോഷന്‍റെ നിര്‍ദ്ദേശപ്രകാരം കാര്‍ കായംകുളത്ത് ഉപേക്ഷിച്ചെന്നാണ് അനന്തു പൊലീസിന് മൊഴി നല്‍കിയത്. റോഷന്‍റെ മാതാവിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോകാനെന്നു പറഞ്ഞാണ് കാര്‍ വാടകയ്‌ക്കെടുത്തത്. ട്രെയിന്‍ മാര്‍ഗമാണ് മുഖ്യപ്രതിയും പെണ്‍കുട്ടിയും ബംഗളൂരുവിലേക്ക് കടന്നത്.

ദേശീയ പാതയോരത്ത് മണ്‍പ്രതിമകള്‍ നിര്‍മ്മിച്ചു വിറ്റുവരുന്ന രാജസ്ഥാന്‍ സ്വദേശിയുടെ മൂത്തമകളെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. ദമ്പതികളും മക്കളും മൂന്നു വര്‍ഷമായി കെട്ടുറപ്പില്ലാത്ത വാടക വീട്ടിലാണ് താമസം. അതേസമയം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു.

പ്രതികളെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും വനിതാ കമ്മീഷന്‍ അംഗം എം.എസ്. താരയും മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാറും ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.

prp

Related posts

Leave a Reply

*