വൈക്കം: ഡ്യൂട്ടി സമയം തീര്‍ന്നെന്ന് പറഞ്ഞ് രണ്ടു വയസ്സുകാരിയുടെ ഒടിഞ്ഞ കാലിലെ പ്ലാസ്റ്റര്‍ പകുതി നീക്കംചെയ്ത ശേഷം സ്ഥലംവിട്ട നഴ്സിങ് അസിസ്റ്റന്റിനെ സസ്പെന്‍ഡ് ചെയ്തു. വൈക്കം താലൂക്ക് ആശുപത്രി ജീവനക്കാരി എം.എസ്. ലളിതയെയാണ് സസ്പെന്‍ഡ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ടാണ് ക്രൂരമായ സംഭവം ഉണ്ടായത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു.
ടി.വി പുരം കൈതക്കാട്ടുമുറി വീട്ടില്‍ ഇ.കെ. സുധീഷും ഭാര്യ രാജിയും മകള്‍ ആര്യയുടെ കാലിലെ പ്ലാസ്റ്റര്‍ നീക്കംചെയ്യാന്‍ ആശുപത്രിയിലെത്തിയത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം നഴ്സിങ് റൂമില്‍ പ്ലാസ്റ്റര്‍ നീക്കംചെയ്യാന്‍ കൊണ്ടുപോയി. പ്ലാസ്റ്റര്‍ പകുതി നീക്കം ചെയ്തപ്പോള്‍ സമയം അഞ്ചുമണിയായി. ഡ്യൂട്ടിസമയം കഴിഞ്ഞെന്നു പറഞ്ഞ് കുട്ടിയെ അവിടെ കിടത്തിയിട്ട് ജീവനക്കാരി പോവുകയായിരുന്നു.
ഏറെനേരമായിട്ടും പ്ലാസ്റ്റര്‍ നീക്കം ചെയ്യാന്‍ മറ്റു ജീവനക്കാര്‍ ആരും എത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയിലുണ്ടായിരുന്നവരോട് വിവരം പറഞ്ഞു. ചികിത്സക്കെത്തിയവരും മറ്റും ബഹളംവെച്ചതോടെ മറ്റൊരു ജീവനക്കാരനെത്തി പ്ലാസ്റ്റര്‍ നീക്കംചെയ്തു. നഴ്സിങ് അസിസ്റ്റന്റിന്റെ നടപടിക്കെതിരെ കുട്ടിയുടെ മാതാപിതാക്കളും വിവിധ സംഘടനകളും പരാതിയുമായി രംഗത്തെത്തിയതോടെ അധികൃതര്‍ നടപടിയെടുക്കുകയായിരുന്നു.
അതിനിടെ, സംഭവത്തില്‍ മനുഷ്യാവകാശ കമീഷന് സ്വമേധയ കേസെടുത്തു. ഗൗരവകരമായ ചികിത്സ നിഷേധത്തിന് ഉത്തരവാദപ്പെട്ടവര്‍ യഥാസമയം നടപടിയെടുത്തില്ലെന്നും കമീഷന് നിരീക്ഷിച്ചു. കോട്ടയം ജില്ല മെഡിക്കല്‍ ഓഫിസര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമീഷന് അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. വൈക്കം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഒരാഴ്ചക്കകം വിശദീകരണം ഹാജരാക്കണമെന്നും നിര്‍ദേശിച്ചു.

