ആഗ്ര: വന്ദേമാതരം പാടിയതിന് മുസ്ലീം കുടുംബത്തിന് ഊരുവിലക്കേര്‍പ്പെടുത്തി. ആസംപുര സ്വദേശിയായ ഗുല്‍ചമന്‍ ഷെര്‍വാണിയും കുടുംബവുമാണ് ഇത്തരത്തില്‍ ഒറ്റപ്പെട്ടത്. കൂടാതെ ഇവരുടെ കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കിയതായും ആക്ഷേപമുണ്ട്.
താന്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച ദേശീയഗീതമായ വന്ദേമാതരത്തെ അതിയായി സ്നേഹിക്കുന്നുണ്ടെന്നും അത് പാടിയതിന്‍റെ പേരില്‍ തനിക്കെതിരെയുണ്ടായ നടപടി അമ്പരപ്പിക്കുന്നുവെന്നും ഷെര്‍വാണി പറഞ്ഞു. തന്‍റെ സമുദായത്തിലെ ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കിയതെന്നും കുട്ടികള്‍ക്ക് മറ്റു സ്കൂളുകളില്‍ അഡ്മിഷന്‍ കിട്ടാതെ ബുദ്ധിമുട്ടുന്നതായും ഷെര്‍വാണി പറയുന്നു.
എന്നാല്‍ സ്കൂള്‍ അധികൃതര്‍ പറയുന്നത്, മറ്റ് കുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യ പ്രകാരമാണ് ഷെര്‍വാണിയുടെ കുട്ടികളെ സ്കൂളില്‍ നിന്ന് വിലക്കിയതെന്നാണ്. മാത്രമല്ല കുട്ടികള്‍ ദേശീയ പതാകയുടെ കളറിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതും പലരും പരാതിയായി പറയുന്നുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
