മുംബൈയിലെ ആദിവാസി ഡോക്ടറുടെ മരണത്തില്‍ വന്‍ വഴിത്തിരിവ്: നിര്‍ണ്ണായക വെളിപ്പെടുത്തലുമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മുംബൈ: സീനിയര്‍ ഡോക്ടര്‍മാരുടെ പീഡനത്തെ തുടര്‍ന്ന് മരണപ്പെട്ട മുംബയിലെ ബി.വൈ.എല്‍ നായര്‍ ആശുപത്രിയിലെ ഡോക്ടര്‍ പായല്‍ താദ്വി യുടെ മരണം കൊലപാതകമെന്ന് താദ്വിയുടെ കുടുംബത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ആധാരമാക്കിയാണ് അഭിഭാഷകന്‍ നിതിന്‍ സത്പുട്ടെ ഈ നിഗമനത്തില്‍ എത്തിയത്. ‘മരണം സംഭവിച്ചതിന്‍റെ കാരണം’ എന്ന കോളത്തില്‍ കഴുത്തില്‍ കയറിട്ട് മുറുക്കിയതിന്‍റെ പാടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

‘താദ്വി മരണപ്പെട്ട സാഹചര്യവും ദേഹത്തുള്ള പാടുകളും കണക്കിലെടുക്കുമ്പോള്‍ ഇത് ആത്മഹത്യയല്ലെന്നും അവര്‍ കൊല ചെയ്യപ്പെട്ടതാണെന്നും പറയാന്‍ കഴിയും. ഇതൊരു കൊലപാതകമെന്ന രീതിയിലാകണം പൊലീസ് അന്വേഷണം നടത്തേണ്ടത്. ഇതിനായി പൊലീസിന് രണ്ടാഴ്ചത്തെ സമയവും അനുവദിക്കേണ്ടതാണ്. മാത്രമല്ല മറ്റെവിടേക്കോ താദ്വിയുടെ മൃതദേഹം മാറ്റിയ ശേഷം കൊലപാതകി അത് തിരിച്ച്‌ ആശുപത്രിയിലേക്ക് എത്തിച്ചുവെന്നതിനും തെളിവുകള്‍ ഉണ്ട് ‘ നിതിന്‍ സത്പുട്ടെ പറഞ്ഞു.

സംഭവത്തില്‍ കുറ്റാരോപിതരായ ഡോക്ടര്‍മാര്‍ ഹേമ അഹൂജ, ഭക്തി മെഹറെ, അങ്കിത ഖണ്ഡേല്‍വാള്‍, എന്നിവര്‍ ഏറെ സ്വാധീനമുള്ളവരാണെന്നും അതിനാല്‍ തന്നെ കേസില്‍ നിന്നും ഏത് വിധേനയും രക്ഷപെടാന്‍ ഇവര്‍ ശ്രമിക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടറായ ജയ് സിംഗ് ദേശായി പറയുന്നുണ്ട്. ഇന്നലെയോടെ പ്രതികളായ മൂവരെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. താദ്വിയുടെ മരണം കൊലപാതകമായി കാണണമെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടുകൊണ്ട് മുംബയിലെ കോടതി ഇവരെ റിമാന്‍ഡ് ചെയ്തിരുന്നു.

prp

Leave a Reply

*