MH.. MH.. എമ്മച്ചീ.. എമ്മച്ചീയേ..…

ഒരു മരണ രംഗം കണ്ട് മലയാളികള്‍ അടുത്തെങ്ങും ഇത്രക്രൂരമായി പൊട്ടിച്ചിരിച്ചിട്ടുണ്ടാകില്ല. വല്ല്യമ്മച്ചി മരിച്ചുകിടക്കുകയാണ്. ചെറുമകന്‍ ഹൃദയം പൊട്ടി നിലവിളിക്കുന്നു. അയാളുടെ തീവ്ര ദുഃഖം മറ്റുള്ളവരുടെ കണ്ണുകളെയും ഈറനണിയിച്ചു. വീടിന്റെ പിന്നാമ്പുറത്ത് ചങ്ങാതിമാരുടെ വക വെള്ളമടികമ്പനി നടക്കുന്നു. മദ്യം സ്റ്റോക്ക് തീര്‍ന്നു. തൊണ്ട നനയ്ക്കുവാന്‍ പോലും തുള്ളിയില്ലാത്ത ഹൃദയഭേദകമായ അവസ്ഥ. വെള്ളക്കമ്പനിയുടെ മുഖ്യ സംഘാടകന്‍ കൊച്ചുമകന്റെ സമീപത്തെത്തുന്നു. അയാളാണല്ലോ ഇന്നത്തെ സ്‌പോണ്‍സര്‍. അമ്മച്ചീ.. എന്റെ അമ്മച്ചീ.. എന്ന് അലമുറയിടുന്ന അയാളോട് ചങ്ങാതി, ചേട്ടാ സാധനം തീര്‍ന്നു. മേടിക്കണ്ടേ? എന്ന് ചോദിക്കുന്നു. ചെറുമകന്‍ നിലവിളിച്ചുകൊണ്ട് തന്നെ പണം എടുത്തു കൊടുക്കുന്നു. സാമാന്യ മര്യാദയുടെ പേരില്‍ സുഹൃത്ത് അയാളോട് ഏതാ ബ്രാന്‍ഡ് എന്നു കൂടി ചോദിക്കുന്നു. പണംമുടക്കുന്നവന്റെ അഭിപ്രായം മാനിക്കണമല്ലോ. കരച്ചിലിന്റെ തീര്‍ത്തും ഹ്രസ്വമായ ഇടവേളയില്‍ അയാള്‍ എം.എച്ച് എന്ന് പറയുന്നത് ചങ്ങാതി കേള്‍ക്കുന്നില്ല. അയാള്‍ വീണ്ടും സുഹൃത്തിന്റെ നേരേ തിരിഞ്ഞ് എം.എച്ച്, എം.എച്ച് എന്ന് ആവര്‍ത്തിച്ചതിന് ശേഷം അമ്മച്ചീ.. എന്നതിന് പകരം എമ്മച്ചീ.. എന്നാണ് അലമുറയിടുന്നത്.

https://youtu.be/FmCBziuAHzA

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെ ഈ രംഗം ദുഃഖാര്‍ത്തമായ ഒരു മരണത്തെ പൊട്ടിച്ചിരിയില്‍ മുക്കുകയാണ്. മരിച്ച് കിടക്കുന്ന വല്ല്യമ്മച്ചിയുടെ റോളില്‍ മോളി കണ്ണമാലിയും പ്രിയപുത്രനായി സാജു നവോദയയും ചേര്‍ന്നപ്പോള്‍ എല്ലാം ശുഭമായി. വിവാഹം, പാലുകാച്ചല്‍, മറ്റു വിശേഷാവസരങ്ങള്‍ എന്നിവയ്‌ക്കൊപ്പം മരണവും മദ്യപാനത്തിനുള്ള അവസരവും ആഘോഷവുമാക്കുന്ന ന്യൂജനറേഷന്‍ മലയാളി മനോഭാവത്തോടുള്ള ശക്തമായ വിമര്‍ശനമാണ് ഈ രംഗം. നാദിര്‍ഷയുടെ സംവിധാനത്തില്‍ പിറന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നമിതാ പ്രമോദ്, ശ്രീരാമന്‍, കലാഭവന്‍ ഷാജോണ്‍, സൃന്ദ, കെ.പി.എ.സി ലളിത, ബിന്ദു പണിക്കര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി.

Content courtesy : cinemapathram.com

prp

Leave a Reply

*