പ്രണയത്തിന്‍റെ സൂത്രവാക്യം പഠിപ്പിച്ചു; കണക്ക് അധ്യാപകന് സസ്‌പെന്‍ഷന്‍- video

ചണ്ഡീഗഡ്: വനിതാ കോളേജില്‍ ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രണയത്തിന്‍റെ സൂത്രവാക്യം പഠിപ്പിക്കാന്‍ ശ്രമിച്ച കണക്ക് അധ്യാപകന്‍ കുടുങ്ങി. അധ്യാപകന്‍റെ ക്ലാസ് ഒരു വിദ്യാര്‍ത്ഥി പകര്‍ത്തിയത് പ്രിന്‍സിപ്പലിന്‍റെ മുന്നിലെത്തിയതോടെ അധ്യാപകന്‍ സസ്‌പെന്‍ഷനിലായി.

ഹരിയാന കര്‍ണാലിലെ വനിതാ കോളേജിലാണ് സംഭവം നടന്നത്. കണക്ക് പ്രൊഫസര്‍ ചരണ്‍ സിങ് ക്ലാസെടുക്കുന്നന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മൂന്നു ഫോര്‍മുലകളാണ് ചരണ്‍ സിങ് ബോര്‍ഡിലെഴുതി വിശദീകരിക്കുന്നതായി വീഡിയോയില്‍ ഉള്ളത്.

അടുപ്പം+ ആകര്‍ഷണം= സൗഹൃദം (Closeness + attraction=Friendship), അടുപ്പം+ ആകര്‍ഷണം= പ്രണയം (Closeness+Attraction=Romantic Love), ആകര്‍ഷണം+ അടുപ്പം= താത്ക്കാലിക പ്രണയം (Attraction-Closeness= Crush) എന്നിങ്ങനെ മൂന്ന് സൂത്രവാക്യങ്ങളാണ് ചരണ്‍ സിങ് വിശദീകരിക്കുന്നത്. ഹിന്ദിയിലാണ് ക്ലാസ്.

പ്രായമേറുന്തോറും ശാരീരികാകര്‍ഷണം കുറയുമെന്നും അപ്പോള്‍ ഭാര്യയും ഭര്‍ത്താവും സുഹൃത്തുക്കളായി തീരുന്നുവെന്നും ചരണ്‍ സിങ് പറയുന്നു. അടുപ്പം കുറയുമ്പോഴാണ് പരസ്പരം കലഹിക്കുന്നതെന്നും പറയുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ ഈ ഘടകങ്ങളില്‍ ഏതെങ്കിലും കുറയുമ്പോള്‍ ബന്ധം അവസാനിപ്പിക്കുമെന്നും ഇന്ത്യയില്‍ അങ്ങനെയല്ലെന്നും ചരണ്‍ സിങ് പറയുന്നത് വീഡിയോയിലുണ്ട്.

പ്രൊഫസറിന്‍റെ ക്ലാസ് കേട്ട് വിദ്യാര്‍ത്ഥിനികള്‍ ചിരിക്കുന്നതും ഓരോ ഫോര്‍മുല വിശദീകരിക്കുമ്പോഴും ശരിവെക്കുന്നതും വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം. വീഡിയോ കണ്ടതോടെ ആദ്യം വിശദീകരണം ആവശ്യപ്പെട്ടെങ്കിലും പിന്നീട് ചരണ്‍ സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

Related posts

Leave a Reply

*