തൃശൂര്‍: സ്കൂള്‍ കലോത്സവത്തിനിടെ ചെരുപ്പില്‍ ഒളിപ്പിച്ച ക്യാമറയുമായി സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കുരിയച്ചിറ ചിയ്യാരം സ്വദേശിയായ നാല്‍പ്പതുകാരനാണ് പിടിയിലായത്.
കലോത്സവ നഗരിയില്‍ ചുറ്റിക്കറങ്ങുന്നയാളുടെ നടത്തത്തിലെ അസ്വാഭാവികതയാണ് പൊലീസ് ശ്രദ്ധിച്ചത്. പന്തികേടു തോന്നിയതിനെത്തുടര്‍ന്ന് ഷാഡോ പൊലീസ് ഇയാളുടെ പിന്നാലെ കൂടുകയായിരുന്നു. ചെരിപ്പില്‍ ഒളിപ്പിച്ചു വച്ച കാമറ കൊണ്ട് ഷൂട്ടിങ് നടത്തുകയാണ് കക്ഷിയെന്ന് ബോധ്യപ്പെട്ടതോടെ കയ്യോടെ പിടി കൂടി. അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താനായിരുന്നു ഇയാളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.
കാല്‍പ്പാദം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള ചെരുപ്പിന്‍റെ മുകള്‍ ഭാഗം മുറിച്ച് മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചായിരുന്നു ഷൂട്ടിങ്. മൊബൈലിന്‍റെ കാമറയിലൂടെ ദൃശ്യങ്ങളെടുക്കാന്‍ കഴിയുന്ന വിധത്തില്‍ ദ്വാരമിട്ടിരുന്നു. മൊബൈലില്‍നിന്ന് നൂറോളം ചിത്രങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കാമറ പരിശോധിച്ചുവരികയാണെന്നും ഇയാള്‍ക്കെതിരെ കേസെടുത്തു ജാമ്യത്തില്‍ വിട്ടതായും ഈസ്റ്റ് പൊലീസ് അറിയിച്ചു.

