പാലക്കാട്: അട്ടപ്പാടിയില്‍ മര്‍ദനമേറ്റു മരിച്ച ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു.
മോഷണമാരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി എകെ ബാലന് വ്യക്തമാക്കി. നാളെ അട്ടപ്പാടി സന്ദര്‍ശിക്കുമെന്ന് മന്ത്രി എകെ ബാലന് അറിയിച്ചു. ഇനിയൊരു ആദിവാസിക്കോ ദലിതനോ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും മന്ത്രി എകെ ബാലന് പറഞ്ഞു.
അതേസമയം, മധുവിന്റെ കൊലപാതകത്തിന് പിന്നില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്ന് വനംമന്ത്രി കെ.രാജു അറിയിച്ചു. ഉദ്യോഗസ്ഥരുടെ അനാസ്ഥ മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കസ്റ്റഡിയില്‍ ആയവരുടെ എണ്ണം 13 ആയി. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

