കേരളത്തിന്‍റെ സമഗ്രവികസത്തിനായി ലോക കേരള സഭ; ഇന്ന്​ സമാപിക്കും

തിരുവനന്തപുരം: പ്രവാസികളുടെ സഹായത്തോടെ സംസ്​ഥാനത്തിന്‍റെ സമഗ്രവികസനം നടപ്പാക്കുന്നതിനായി സംഘടിപ്പിച്ച ലോക കേരള സഭ ഇന്ന്​ സമാപിക്കും. വിവിധ വിഷയങ്ങളില്‍ രണ്ട് ദിവസമായി നടന്ന ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി ഇന്ന് സഭയില്‍ മറുപടി നല്‍കും. വരും നാളുകളില്‍ സംസ്ഥാനത്തെ വിവിധ രംഗങ്ങളില്‍ കൂടുതല്‍ വിദേശ നിക്ഷേപത്തിന് പ്രവാസികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

നിക്ഷേപ വിനിയോഗത്തിനായി ഭാവനാപരമായ പദ്ധതികള്‍ ഉണ്ടാക്കുമെന്ന ഉറപ്പാണ് ലോക കേരള സഭയുടെ ആദ്യ ദിനം പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. പെട്ടെന്നുള്ള ഹര്‍ത്താല്‍ ഒഴിവാക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്മാറണമെന്നാണ് പ്രവാസികളില്‍ നിന്ന് ഉയര്‍ന്ന ഒരാവശ്യം. തിരിച്ചെത്തിയ 60 കഴിഞ്ഞ പ്രവാസികള്‍ക്ക് പെന്‍ഷന്‍, കുടംബശ്രീ മാതൃകയില്‍ പ്രവാസി മിഷന്‍, സമഗ്ര പുനരധിവാസ പദ്ധതി അടക്കമുള്ള ആവശ്യങ്ങളും ഉണ്ടായി.

ഈ സമ്മേളനത്തില്‍ കേരളത്തിലെ എംഎല്‍എമാരും എംപിമാരും പങ്കെടുക്കുന്നുണ്ട്. പ്രവാസി പ്രതിനിധികളുടെ ക്രിയാത്മക നിര്‍ദേശങ്ങള്‍ സംസ്ഥാന-കേന്ദ്ര നിയമനിര്‍മാണ സഭകളില്‍ ഉയര്‍ത്തുക, അതിന്‍പ്രകാരമുള്ള നയ-നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിന്റെ സാധ്യത ആരായുക എന്നിവയാണ് പ്രധാനമായും അവരുടെ സാന്നിധ്യംകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്.

കേരളത്തിലെ നിയമനിര്‍മാണസഭാ ചരിത്രത്തിന് 130 വയസ്സാകുന്ന ഘട്ടത്തിലാണ് നിയമനിര്‍മാണാധികാരമില്ലാത്തതെങ്കിലും ഉപദേശാധികാരമുള്ള ലോക കേരളസഭ പിറവിയെടുക്കുന്നത്. ചര്‍ച്ചകള്‍ ക്രോഡീകരിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടിയോടെ പ്രഥമ ലോക കേരള സഭ ഇന്ന് അവസാനിക്കും. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം ഗവര്‍ണ്ണര്‍ ഉദ്ഘാടനം ചെയ്യും.

 

 

prp

Related posts

Leave a Reply

*