തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം തര്‍ക്കത്തോടെ തുടക്കം. ഗ്ലൗസും മാസ്കും ധരിച്ച് കുറ്റ്യാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള നിയമസഭയില്‍ എത്തിയതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. സംസ്ഥാനത്തെ ഭീതിയിലാക്കിയിരിക്കുന്ന നിപാ വൈറസ് എന്ന ഗൗരവമുള്ള വിഷയത്തെ അപഹസിക്കുന്ന രീതിയാണ് ഇതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.
സംസ്ഥാനത്ത് നിപാ വൈറസ് ബാധ സ്ഥിരീകരിച്ചത് മുതല്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് കാര്യക്ഷമമായ ഇടപെടലാണ് ഇക്കാര്യത്തില്‍ നടത്തുന്നത്. എന്നിട്ടും സഭയില്‍ മാസ്ക് ധരിച്ചെത്തി സ്വയം അപഹാസ്യനാവുകയാണ് എംഎല്‍എ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
മാസ്ക് ധരിക്കുന്നതിന് കൃത്യമായ നിര്‍ദ്ദേശമുണ്ടെന്നും ഒന്നുകില്‍ നിപ ബാധയുണ്ടാകകയോ, അല്ലെങ്കില്‍ രോഗ ബാധിതരുമായി സമ്ബര്‍ക്കം ഉണ്ടാകുകയോ ചെയ്യണമെന്ന് പറഞ്ഞ ആരോഗ്യമന്ത്രി നിപ ബാധയുണ്ടെങ്കില്‍ എംഎല്‍എ സഭയില്‍ വരേണ്ടതില്ലെന്നും വ്യക്തമാക്കി. പാറക്കല്‍ എംഎല്‍എ കോമാളിയെപ്പോലെ നീക്കം നടത്തുന്നുവെന്ന് ഭരണപക്ഷ എംഎല്‍എമാരും വിമര്‍ശിച്ചു.
