തിരുവനന്തപുരം: കുമ്മനം രാജശേഖരനെ മത്സരത്തിനിറക്കുന്നതിനെ ചൊല്ലി ബി.ജെ.പിയില്‍ തര്‍ക്കം. കുമ്മനത്തിന് വേണ്ടി സംസാരിക്കുന്നവരെ സംസ്ഥാന പ്രസിഡന്റ് താക്കീത് ചെയ്യുന്നതായാണ് ആരോപണം.
കുമ്മനം മത്സരിക്കാനെത്തിയാല്‍ സംസ്ഥാന പ്രസിഡന്റിന് തിരുവനന്തപുരത്ത് മത്സരിക്കാനാകില്ലെന്ന കാരണത്താലാണ് തര്‍ക്കമുയര്‍ന്നിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റ കണ്ണ് വച്ചിരിക്കുന്ന തലസ്ഥാനത്ത് കുമ്മനം എത്തണമെന്ന് പറയുന്നത് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നാണ് പ്രസിഡന്റ് പക്ഷം.
തിരുവനന്തപുരത്ത് ജയസാധ്യത മുന്നില്‍ കണ്ട് പ്രസിഡന്റിന്റെ പേര് കൂടി ഉള്‍പ്പെടുത്തിയാണ് സാധ്യത പട്ടിക തയ്യാറാക്കിയത്. ഇത് തെരഞ്ഞെടുപ്പ് സമിതി ചേരാതെ തയ്യാറാക്കിയതാണെന്ന പരാതി കേന്ദ്ര നേതൃത്വത്തിന് മുന്നിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പുതിയ തര്‍ക്കം.
ഗവര്‍ണര്‍മാര്‍ തിരികെ രാഷട്രീയത്തിലേക്ക് വരുന്ന കീഴ്വഴക്കമില്ലെന്ന ശ്രീധരന് പിള്ളയുടെ വാദം കുമ്മനം വരരുതെന്ന ഉദ്ദേശത്തോടെയാണെന്നാണ് ബി.ജെ.പിയിലെ അഭിപ്രായം. തര്‍ക്കങ്ങള്‍ പലതും പരിഹരിക്കാതെ കിടക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് സ്വയം പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും പാര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു.

