ഹൈക്കോടതിയുടെ അഭ്യര്‍ത്ഥന തള്ളി; പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് കെ.എസ്.ആര്‍.ടി.സി

കൊച്ചി: ബുധനാഴ്ച രാത്രി മുതല്‍ നടത്താനിരുന്ന കെ.എസ്.ആര്‍.ടി.സി അനിശ്ചിതകാല പണിമുടക്ക് മാറ്റില്ലെന്ന് സംയുക്ത സമരസമിതി വ്യക്തമാക്കി. ആരു ചര്‍ച്ചയ്ക്ക് വിളിച്ചാലും ട്രേഡ് യൂണിയന്‍ പോകും. ധിക്കാര പൂര്‍വമായ നിലപാടാണ് കെഎസ്‌ആര്‍ടിസി എംഡി തച്ചങ്കരി സ്വീകരിച്ചിരിക്കുന്നത്. ലേബര്‍ കമ്മിഷണറും രണ്ട് മന്ത്രിമാരും ഗതാഗതസെക്രട്ടറിയും നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ തീരുമാനം നടപ്പിലായില്ല.

പണിമുടക്ക് തടഞ്ഞ ഹൈക്കോടതിയുടെ ഉത്തരവ് പരിഗണിക്കുന്നില്ലെന്നും സര്‍ക്കാരിനെ വിശ്വസിച്ചത് അബദ്ധമായിപ്പോയെന്നും കെ.എസ്.ആര്‍.ടി.സി യൂണിയന്‍ അഭിപ്രായപ്പെട്ടു. നീതിക്കായി ഇനി എവിടെ പോകണമെന്നും തൊഴിലാളി നേതാക്കള്‍ ചോദിച്ചു. അപകടത്തില്‍ മരിച്ച ജീവനക്കാരുടെ ഇന്‍ഷുറന്‍സ് തുക പോലും ലഭിക്കാത്ത തരത്തില്‍ തൊഴിലാളി വിരുദ്ധ നടപടികളാണ് കെഎസ്‌ആര്‍ടിസിയില്‍ നടക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

നേരത്തെ, അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. കെ.എസ്.ആര്‍.ടി.സി യൂണിയനുകള്‍ വ്യാഴാഴ്ച മുതല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുന്നതു വരെ പണിമുടക്ക് പാടില്ലെന്നും നിര്‍ദേശമുണ്ട്. സമരസമിതി പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിന്‍ തച്ചങ്കരി വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടതായി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.

സര്‍വീസുകള്‍ മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തച്ചങ്കരി പറഞ്ഞു. സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്നു കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ അറിയിച്ചു. തൊഴില്‍ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടക്കുന്നതെന്നും യൂണിയനുകള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടു മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്നും പരാതി ചര്‍ച്ച ചെയ്യാന്‍ മന്ത്രി ഇതുവരെ തയാറായിട്ടില്ലെന്നും സമിതി പരാതിപ്പെട്ടു.

അതേസമയം തച്ചങ്കരിക്കും ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വിമര്‍ശനമുണ്ടായിരുന്നു. സമരക്കാര്‍ നേരത്തെ നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ചയ്ക്ക് വിളിക്കാന്‍ വൈകി എന്ന കാരണത്താലാണ് തച്ചങ്കരിയെ കോടതി വിമര്‍ശിച്ചത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കേണ്ടത് മാനേജ്‌മെന്റാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ബുധനാഴ്ച അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് നേരത്തെ യൂണിയന്‍ നേതാക്കള്‍ അറിയിച്ചിരുന്നത്. സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരം, ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ നടപടികളിലൂടെയുണ്ടായ യാത്രാക്ലേശം പരിഹരിക്കുക, തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണു സമിതി മുന്നോട്ടുവച്ചിട്ടുള്ളത്.

prp

Related posts

Leave a Reply

*