കൊട്ടിഘോഷിച്ച്‌ നിരത്തിലിറക്കിയ ഇലക്‌ട്രിക് ബസ് നിര്‍ത്തലാക്കാനൊരുങ്ങി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി കൊട്ടിഘോഷിച്ച്‌ നിരത്തിലിറക്കിയ ഇലക്‌ട്രിക് ബസ് നിര്‍ത്തലാക്കുന്നു. സംസ്ഥാനത്ത് ആകെയുള്ള 10 ബസുകളും കഴിഞ്ഞദിവസം താല്‍ക്കാലികമായി സര്‍വീസ് അവസാനിപ്പിച്ചു.

എറണാകുളത്തും തിരുവനന്തപുരത്തും അഞ്ച് വീതം ഇലക്‌ട്രിക് ബസ്സുകളാണ് നിലവില്‍ ഉണ്ടായിരുന്നത്. തമ്പാനൂര്‍ ഡിപ്പോയില്‍ രണ്ടു ബസുകള്‍ നേരത്തേ കട്ടപ്പുറത്താണ്. ഇലക്‌ട്രിക് ബസ്സുകളുടെ കന്നി ഓട്ടമേ പാളിയിരുന്നു. ആദ്യ യാത്രയില്‍ തന്നെ ചാര്‍ജ് തീര്‍ന്ന് പല ബസ്സുകളും വഴിയില്‍ കിടന്നു.

പ്രതീക്ഷിച്ച ലാഭം ലഭിക്കാത്തതാണ് ഇലക്‌ട്രിക് ബസ്സിന്‍റെ സര്‍വീസ് നിര്‍ത്തുന്നതിലേക്ക് എത്താന്‍ അധികൃതരെ പ്രേരിപ്പിച്ചത്. എറണാകുളത്തു നിന്നും തിരുവനന്തപുരത്ത് എത്തിയ മൂന്നു ബസ്സിലേയും ഡ്രൈവര്‍മാരോട് ബസ് ഡിപ്പോയിലിട്ട് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

സമാനമായി തിരുവനന്തപുരത്തു നിന്നും എറണാകുളത്തെത്തിയ അഞ്ച് ബസ്സുകളിലേയും ഡ്രൈവര്‍മാര്‍ക്ക് ഇതേ നിര്‍ദ്ദേശമായിരുന്നു ലഭിച്ചത്. എറണാകുളത്തെ ബസ് ചാര്‍ജിങ് സ്റ്റേഷന്‍ തകരാറിലായത് ഇലക്‌ട്രിക് ബസ്സുകളുടെ യാത്ര പ്രസിസന്ധിയിലാക്കി. ചാര്‍ജ് ചെയ്യാന്‍ ആലുവ വരെ പോകണം. അതുവരെ ബസ്സില്‍ ചാര്‍ജ് നിലനിര്‍ത്തുക എന്നത് പ്രായോഗികമല്ലാത്തതും സര്‍വീസ് നിര്‍ത്തുന്നതിന് കാരണമായി.

prp

Leave a Reply

*