തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ വീണ്ടും ഡ്യൂട്ടി പരിഷ്ക്കരണം. ഓപ്പറേറ്റിംഗ് വിഭാഗത്തില്‍പ്പെട്ട സ്റ്റേഷന്‍മാസ്റ്റര്‍ അടക്കമുള്ളവരെ ഓഫീസ് ജോലികളില്‍ നിന്ന് മാറ്റി ഉത്തരവിറങ്ങി. ക്ലെറിക്കല്‍ ജോലികള്‍ ഇനി മുതല്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ് ചെയ്യും.
ബസ് സ്റ്റേഷനുകളിലെ എഴുത്തുകുത്ത് ജോലികളും, അനൗണ്‍സ്മെന്‍റെുമൊക്കെയായി ഓഫീസിനകത്ത് ഇരിക്കുന്ന ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാര്‍ക്ക് ഇനി പുറത്തിറങ്ങാം. സ്റ്റേഷന്‍ മാസ്റ്റര്‍മാരടക്കമുള്ള ഓപ്പറേറ്റിംഗ് വിഭാഗത്തിലുള്ളവര്‍ പുറത്തിറങ്ങാതെ ഓഫീസിനുള്ളില്‍ ഒളിച്ചിരിക്കുന്നുവെന്നാണ് എംഡി ടോമിന്‍ തച്ചങ്കരി ഇത് സംബന്ധിച്ചുള്ള ഉത്തരവില്‍ കുറ്റപ്പെടുത്തുന്നത്.
ഇനി മുതല്‍ ബസ്സുകളുടെ സമയക്ലിപ്തത, യാത്രക്കാരുടെ പ്രശ്നങ്ങള്‍ എന്നിവ പരിശോധിച്ചും പരിഹരിച്ചും ബസ് സ്റ്റേഷനുകളില്‍, ഓഫീസിന് പുറത്തുതന്നെ ഉണ്ടാകണമെന്നാണ് നിര്‍ദ്ദേശം. ഇതനുസരിച്ചുള്ള തസ്തികമാറ്റ ഉത്തരവുകള്‍ ഇറങ്ങി.
ഓഫീസിനകത്തെ ജോലികള്‍ പൂര്‍ണ്ണമായും മിനിസ്റ്റീരിയല്‍ വിഭാഗത്തെ ഏല്‍പിച്ചു. ശക്തമായ എതിര്‍പ്പുമായി യൂണിയനുകള്‍ രംഗത്ത് എത്തി. കെഎസ്‌ആര്‍ടിസി മാനുവലിന് വിരുദ്ധമാണ് പുതിയ ഉത്തരവെന്നാണ് സംഘടനകളുടെ നിലപാട്.

