കൊട്ടിയൂര്‍ പീഡനക്കേസ്: ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കൊട്ടിയൂര്‍ കേസില്‍ പ്രതിയായ ഫാ. റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്. മൂന്ന് ലക്ഷം രൂപ പിഴയടക്കണം. 1.5 ലക്ഷം ഇരയ്ക്ക് നല്‍കണം. തലശേരി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി ശിക്ഷ 60 വര്‍ഷമാണ്. ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി അറിയിച്ചു.

അതേസമയം കുട്ടിയുടെ അച്ഛനും അമ്മയ്ക്കുമെതിരെ നടപടിയെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കള്ളസാക്ഷി പറഞ്ഞതിനാണ് രക്ഷിതാക്കള്‍ക്കെതിരെ നടപടി. കുട്ടിയുടെ സംരക്ഷണം ലീഗല്‍ സര്‍വീസസ് അതോറിറ്റി ഏറ്റെടുക്കും.

കേസിലെ പ്രതികളായ ആറുപേരെ കോടതി വെറുതെവിട്ടു. ഇവര്‍ കുറ്റക്കാരാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഇതാണ് ആറു പേരെ വെറുതെ വിടാനിടയാക്കിയത്. ഗൂഢാലോചന, വ്യാജരേഖകള്‍ സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു ഇവര്‍ക്കെതിരെ ഉണ്ടായിരുന്നത്.  തലശ്ശേരി പോക്‌സോ കോടതി ജഡ്ജി പി.എന്‍.വിനോദാണ് വിധി പറഞ്ഞത്.

കൊട്ടിയൂര്‍ സെയ്ന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിവികാരിയും കൊട്ടിയൂര്‍ ഐ.ജെ.എം.എച്ച്.എസ്.എസ്. ലോക്കല്‍ മാനേജറുമായിരുന്ന വയനാട് നടവയലിലെ ഫാ. റോബിന്‍ വടക്കുഞ്ചേരി (റോബിന്‍ മാത്യു-51)യായിരുന്നു കേസില്‍  ഒന്നാംപ്രതി. ബലാത്സംഗത്തിനും പോക്‌സോ വകുപ്പുപ്രകാരവുമാണ് വൈദികന്‍റെ പേരിലുള്ള കേസ്.

കേസില്‍ പ്രതികളായിരുന്ന മൂന്നുപേരെ വിചാരണ നേരിടുന്നതില്‍നിന്ന് സുപ്രീംകോടതി ഒഴിവാക്കിയിരുന്നു. ഒന്നാംപ്രതി ഉള്‍പ്പെടെ ഏഴു പ്രതികളാണ് വിചാരണ നേരിട്ടത്.

prp

Related posts

Leave a Reply

*