തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ ഭരണം നേടിയ കേരള കോണ്‍ഗ്രസ് എം നടപടിക്കെതിരെ രൂക്ഷമായവിമര്‍ശനവുമായി കോണ്ഗ്രസ് നേതൃത്വം.
കെ എം മാണിയുടെ യാത്ര കനാനിലേക്കോ നരകത്തിലേക്കോ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലൂടെ മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്ഗ്രസ് മുഖപത്രം വീക്ഷണംവും രംഗത്തെത്തി.
രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്തതാണ് മാണിയുടെ നടപടി. മാണി യുഡിഎഫ് വിട്ടുപോയതും എല്‍ഡിഎഫില്‍ ബന്ധത്തിന് ശ്രമിക്കുന്നതും അധികാരമില്ലാതെ ജീവിക്കാനാവില്ലെന്ന അവസ്ഥയില്‍ നിന്നാണെന്നും എഡിറ്റോറിയലില്‍ പറയുന്നു.
ദേവദാസികളെപ്പോലെ ആരുടെ മുമ്ബിലും ആടാനും പാടാനുമുള്ള മാണിയുടെ രാഷ്ട്രീയ അശ്ലീലത ആരെയും ലജ്ജിപ്പിക്കുന്നതാണ്. രാത്രികളും ശയ്യയും മാറി മാറി പങ്കിടുന്ന തൊഴിലിന്റെ പേര് പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാമെന്നും വീക്ഷണം പറയുന്നു.
സിപിഎം നിര്‍ദേശിക്കുന്ന വാഗ്ദത്ത ഭൂമിയിലേക്കുള്ള പുറപ്പാടിലാണ് മാണിയും അനുയായികളും. കനാനിലേക്കുള്ള ഈ യാത്ര ഒടുവില്‍ നരകത്തില്‍ എത്തിച്ചേരുമോ എന്ന സന്ദേഹമുള്ളവരും പാര്‍ട്ടിയില്‍ ഏറെയുണ്ട്.
യുഡിഎഫില്‍ മാണിക്ക് മാന്യതയോടെ പൂമുഖത്ത് കൂടെ കടന്നുവരാം. എല്‍ഡിഎഫിലാണെങ്കില്‍ അടുക്കള വാതിലിന്റെ സാക്ഷ നീക്കി ജാരനെപ്പോലെ പതുങ്ങിച്ചെല്ലാം. ഏത് വേണമെന്ന് നിശ്ചയിക്കേണ്ടത് കെ എം മാണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണെന്ന് പറഞ്ഞുകൊണ്ടാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്.

